കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനെ തുടർന്ന് എറണാകുളത്ത് വാരാന്ത്യ നിയന്ത്രണം ഇന്ന് കർശനമാക്കും. കഴിഞ്ഞ ദിവസം 3,300 ലേറെ പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ നാല് ദിവസത്തിനുള്ളിൽ 19,436 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇനി 1,146 കൊവിഡ് ബെഡുകൾ മാത്രമാണുള്ളതെന്ന സ്ഥിതിയാണ്.
അതേസമയം ഇന്ന് സർക്കാർ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനുള്ള വാക്‌സിൻ ജില്ലയിൽ സ്റ്റോക്കില്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായി ഇരുപതിനായിരം ഡോസ് കൊവിഡ് വാക്സീൻ ജില്ലയിൽ വിതരണം ചെയ്തിരുന്നു. പതിനായിരം ഡോസ് വാക്സീൻ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ തിങ്കളാഴ്ചത്തെ ജില്ലയിൽ വാക്സീൻ വിതരണവും പ്രതിസന്ധിയിലാകും.