കൊള്ളവില പ്രഖ്യാപിച്ച് കൊവാക്‌സിൻ, സംസ്ഥാനങ്ങൾക്ക് ഡോസിന് 600 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 1200

ഞായര്‍, 25 ഏപ്രില്‍ 2021 (09:29 IST)
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിലും സംസ്ഥാന സർക്കാരുകൾക്ക് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലുമായിരിക്കും മരുന്നുകൾ വിതരണം ചെയ്യുകയെന്ന് ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ഡോസിന് 15-20 ഡോളര്‍ വരെയാവും ഈടാക്കുക.
 
നേരത്തെ കൊവിഷീൽ‌ഡ് വാക്‌സിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്‍കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാനങ്ങൾക്ക് അതിന്റെ ഇരട്ടിയിലധികം തുകയും ഈടാക്കുന്നതിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. അമേരിക്കന്‍ വാക്‌സിനുകള്‍ക്ക് ഡോസിന് 1500 രൂപയാണ് ഈടാക്കുന്നത്. ഇതിനോട് തുലനം ചെയ്യുമ്പോള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് നൽകുന്നതെന്നായിരുന്നു ഇതിന് നൽകിയ വിശദീകരണം.
 
കോവിഷീല്‍ഡ് വാക്‌സിന്റെ ഉയര്‍ന്ന വില സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മിക്കുന്ന കൊവാക്‌സിന്റെ കൂടിയ നിരക്കും പ്രഖ്യാപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍