വൃദ്ധദമ്പതികളുടെ പരാതിയില്‍ ആക്ഷന്‍ മറന്ന് ധനുഷ്; മാര്‍ച്ച് രണ്ട് താരത്തിന് നിര്‍ണായകം

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (16:26 IST)
തെന്നിന്ത്യൻ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികൾ സമർപ്പിച്ച പരാതിയിന്മേലുള്ള തെളിവെടുപ്പിനായി നടൻ കോടതിയിൽ ഹാജരായി. മദ്രാസ് ഹൈക്കോടതിയിലെ മധുര ​​ബഞ്ചിനു മുന്നിലാണ്​ ധനുഷ്​ നേരിട്ട്​ ഹാജരായത്​.

തിരിച്ചറിയല്‍ അടയാളങ്ങളുടെ പരിശോധനയ്ക്കായാണ് താരം നേരിട്ട് ഹാജരായത്. മാര്‍ച്ച് 2ന് ഡോക്‍ടറുമാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ ഡോക്ടറും സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ അടയാളങ്ങളുടെ പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇതിനു ശേഷമായിരിക്കും കോടതി നിലപാട് വ്യക്തമാക്കുക.

അമ്മ വിജയലക്ഷ്മിക്കൊപ്പമാണ് ധനുഷ്​ കോടതിയില്‍ ഹാജരായത്. മധുരൈയിലുള്ള കതിരേശനും മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും അവകാശവാദവുമായി കോടതിയിലെത്തിയത്. ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നും ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ തയാറാണെന്നും കോടതിയിൽ ഇവർ വ്യക്തമാക്കിയിരുന്നു.

എന്നാൽ വൃദ്ധദമ്പതികളുടെ പരാതി വ്യാജമാണെന്നും കോടതി കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് മറ്റൊരു പരാതി ധനുഷ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ദമ്പതികള്‍ ഹാജരാക്കിയ പത്താം ക്ലാസ് ടിസി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയിൽ പ്രകാരം അവരുടെ കാണാതായ മകന്റെ താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈയിൽ ഒരു കലയുമുണ്ട്.

എന്നാൽ ധനുഷ് ഹാജരാക്കിയ സ്​കൂൾ ടിസിയില്‍ തിരിച്ചറിയല്‍ അടയാളങ്ങള്‍ എഴുതേണ്ട കോളമില്ല. തുടര്‍ന്ന് കോടതി ധനുഷിനോട് യഥാര്‍ഥ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ദമ്പതികള്‍ അവകാശപ്പെടുന്ന അടയാളങ്ങള്‍ ധനുഷിന്റെ ശരീരത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ധനുഷിന്റെ സ്കൂൾ കാലഘട്ടങ്ങളിലെ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി കഴിഞ്ഞ ദിവസം ദമ്പതികളോട് ഉത്തരവിട്ടിരുന്നു.
Next Article