യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്തില്‍ പാഠപുസ്തകം. ഒമ്പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശമുള്ളത്. സംഭവം വിവാദമായതോടെ അച്ചടിപിശകാണ് കാരണമെന്ന വാദവുമായി അധികൃതർ രംഗത്തെത്തി.
ഇന്ത്യൻ സംസ്കാരത്തില്‍ ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് ക്രിസ്തുവിനെ പിശാചായ യേശു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിസ്തീയ വചനങ്ങള്‍ക്കൊപ്പമാണ് ഈ വിശേഷണം കടന്നുകൂടിയതെന്നതാണ് ശ്രദ്ധേയം.
സംഭവം വിവാദമായതോടെ സംസ്ഥാന സര്‍ക്കാരിനെതിരെയും വിദ്യാഭ്യാസവകുപ്പിനെതിരെയും പ്രതിഷേധം ശക്തമായി. അഭിഭാഷകനായ സുബ്രഹ്മണ്യം അയ്യറാണ് ഗുരുതരമായ പരാമർശം പൊതുജനശ്രദ്ധയിലെത്തിച്ചത്.
അച്ചടിപിശക് മാത്രമാണിതെന്നും, വിവാദത്തിന് അടിസ്ഥാനമില്ലെന്നും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് വ്യക്തമാക്കിയപ്പോള്‍ ഒരുമാസം മുമ്പേ തെറ്റു ചൂണ്ടിക്കാട്ടിയിരുന്നതായി ഗുജറാത്തിലെ കത്തോലിക്ക സഭാ വക്താക്കൾ പറഞ്ഞു.
കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിയമപരമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു.