വിവാദങ്ങളില്‍ മയപ്പെടാതെ ഇരുപക്ഷവും; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2015 (08:18 IST)
ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകൂം. ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന പ്രതിപക്ഷവും, രാജി ആവശ്യത്തെ തള്ളിയ സര്‍ക്കാരും വിട്ടു വീഴ്‌ചയില്ലാതെ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ഇരു സഭകളും ഇന്നും ചൂടുപിടിക്കും.

ആരോപണം നേരിടുന്ന മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. അതേസമയം, പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് സഭാനടപടികള്‍ മുന്നോട്ട് കൊണ്ടുപോകാമെന്ന തന്ത്രമാണ് സര്‍ക്കാര്‍ പരീക്ഷിക്കുന്നത്.

തിങ്കളാഴ്‌ച സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു. അതേസമയം, സമവായ സാധ്യത തേടി സര്‍ക്കാര്‍ ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം വിളിച്ചേക്കും. മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍  ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസൂന്ധര രാജെ സിന്ധ്യ എന്നിവരുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടും. രാജ്യം കണ്ട ഏറ്റവും വലിയ നിയമന കുംഭകോണമായ വ്യപം ഇടപാടില്‍ ആരോപണം നേരിടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ എന്നിവര്‍ രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.