ചരിത്രത്തിലെ ഏറ്റവുംവലിയ തോല്‍വി നേരിട്ട കോണ്‍ഗ്രസിന്റെ അംഗബലം 50-ല്‍ താഴേക്കു പോയതോടെ, പ്രതിപക്ഷനേതൃസ്ഥാനവും കോണ്‍ഗ്രസിന് ഇല്ലാതാവും. ചുരുങ്ങിയത് 55 സീറ്റെങ്കിലും ഉള്ള പ്രതിപക്ഷകക്ഷിയുടെ നേതാവിനെയാണ് സ്പീക്കര്‍ പ്രതിപക്ഷനേതാവായി പ്രഖ്യാപിക്കുന്നത്.
കോണ്‍ഗ്രസിന് അത് ലഭിക്കാത്ത പശ്ചാത്തലത്തില്‍, 1980 -ലേയും 1984-ലേയും കീഴ്വഴക്കമാണ് നടപ്പാവുക. ഈ സഭകളില്‍ ആര്‍ക്കും പ്രതിപക്ഷ നേതൃപദവിയില്ലായിരുന്നു. എങ്കിലും 16-മത് ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് ഉണ്ടാവുമോ ഇല്ലയോ എന്നത് അടുത്ത ലോക്‌സ്പീക്കര്‍ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാണിരിക്കുന്നത്.
പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്നതിന് അടിസ്ഥാനമാക്കുന്നത് 1977-ലെ 'പ്രതിപക്ഷനേതാവിന്റെ ശമ്പളവും വേതനവുമായി ബന്ധപ്പെട്ട നിയമ'മാണ്. 1977-ല്‍ ജനതാപാര്‍ട്ടി സര്‍ക്കാറാണ് ആദ്യമായി പ്രതിപക്ഷനേതാവിന്റെ പദവിയുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവന്നത്. അതുവരെ നിയമപ്രകാരം പ്രതിപക്ഷനേതാവുണ്ടായിരുന്നില്ല. പ്രതിപക്ഷഗ്രൂപ്പുകള്‍ക്ക് പൊതുവായ ഒരു നേതാവാണ് അതിനുമുമ്പ് ഉണ്ടായിരുന്നത്. 'സ്പീക്കറുടെ അംഗീകാരമുള്ളതും പ്രതിപക്ഷത്തുള്ളതുമായ ഏറ്റവുംവലിയ പാര്‍ട്ടിയുടെ നേതാവായിരിക്കും പ്രതിപക്ഷനേതാവ്' എന്നാണ് 1977-ലെ നിയമത്തില്‍ പറയുന്നത്.
എന്നാല്‍, പാര്‍ലമെന്റില്‍ പാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍േദശപ്രകാരം(സ്പീക്കറുടെ നിര്‍ദേശം നമ്പര്‍ 121), സഭ സമ്മേളിക്കാന്‍ ആവശ്യമായ മിനിമം അംഗസംഖ്യയ്ക്ക് (ക്വാറം) തുല്യമായ അംഗങ്ങളുള്ള പാര്‍ട്ടിയെ മാത്രമേ പ്രതിപക്ഷപാര്‍ട്ടിയായി അംഗീകരിക്കാനാവൂ. ഈ നിര്‍േദശം സ്പീക്കര്‍ കൊണ്ടുവന്നത് 1980-ലെ ലോക്‌സഭയിലായിരുന്നു. 1980-ലും 84-ലും ഈ നിര്‍ദേശമാണ് അടിസ്ഥാനമാക്കിയത്.
ഇതേ കീഴ്വഴക്കമാണ് പുതിയ ലോക്‌സഭയില്‍ അടിസ്ഥാനമാക്കുന്നതെങ്കില്‍ കോണ്‍ഗ്രസിനോ പ്രതിപക്ഷനിരയിലോ മറ്റാര്‍ക്കെങ്കിലുമോ പ്രതിപക്ഷനേതാവിന്റെ പദവിയോ അംഗീകാരമോ ലഭിക്കില്ല.