പതിനാറ് വയസിന് മുകളിലുള്ള മുസ്ലീം പെൺകുട്ടികൾക്ക് വിവാഹിതയാകാമെന്ന കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി വിധി പോക്സോ, ശൈശവ വിവാഹനിരോധന നിയമങ്ങൾക്കെതിരെയെന്ന് ആരോപിച്ചാണ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
പഞ്ചാബ്,ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് ബാലാവകാശക്കമ്മീഷൻ്റെ ഹർജി. മുസ്ലീം പെൺകുട്ടികൾക്ക് 16 കഴിഞ്ഞാൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്നാണ് വിധിയിൽ പറഞ്ഞിരുന്നത്. മുഹമ്മദ്ദീയൻ നിയമപ്രകാരം ഋതുമതിയായ പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.സമാനമായ വിധി ഡൽഹി ഹൈക്കോടതിയും പുറപ്പെടുവിച്ചിരുന്നു.
എന്നാൽ 18 വയസ് തികയാത്ത പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിൻ്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണകമ്മീഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു.