മുഖ്യമന്ത്രിയെ വിലക്കി; പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ നിന്ന് ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കുന്നു

Webdunia
തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (09:16 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്‌ഛാദന ചടങ്ങില്‍ വിലക്ക്  ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആശംസാപ്രസംഗകരായ എന്‍ കെ പ്രേമചന്ദ്രന്‍ എം പി, പി കെ ഗുരുദാസന്‍ എം എല്‍ എ, മേയര്‍ അഡ്വ. വി രാജേന്ദ്രബാബു എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
 
കേന്ദ്ര ഭരണകൂടം പുലര്‍ത്തുന്ന അസഹിഷ്ണുത രാഷ്‌ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് കേരള മുഖ്യമന്ത്രിയെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. പ്രതിമ അനാവരണച്ചടങ്ങില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഗുരുനിന്ദയാണെന്നും പ്രേമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. 
 
ആര്‍ എസ് എസ് - ബി ജെ പി കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങി മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ നടപടി ജനാധിപത്യവിരുദ്ധവും സ്വേച്‌ഛാപരവുമാണെന്ന് പി കെ ഗുരുദാസന്‍ എം എല്‍ എ പറഞ്ഞു. ആര്‍ എസ് എസിന്റെ ധാര്‍ഷ്‌ട്യത്തിന് വെള്ളാപ്പള്ളി വഴങ്ങിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
മുഖ്യമന്ത്രിയെ അധ്യക്ഷനായി നിശ്ചയിച്ച ശേഷം ഒഴിവാക്കിയ സാഹചര്യത്തില്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് മേയര്‍ രാജേന്ദ്രബാബു പറഞ്ഞു. തന്നെ അറിയിക്കാതെയാണ് നോട്ടീസില്‍ പേരു വെച്ചതെന്നും അദ്ദേഹം പറഞ്ഞു.