ചിദംബരത്തിനെതിരേ അന്വേഷണമുണ്ടോയെന്ന് സുപ്രീം കോടതി
വെള്ളി, 10 ഒക്‌ടോബര്‍ 2014 (14:12 IST)
എയര്‍സെല്‍ - മാക്‌സിസ് കരാറില്‍ മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ എന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന് സിബിഐയോട് സുപ്രീംകോടതിയുടെ അന്വേഷണം. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവും ജസ്റ്റിസ് എസ് എ ബോബ്‌ഡെയും അടങ്ങിയ ബഞ്ചാണ് സിബിഐയ്ക്ക് വേണ്ടി ഹാജരായ കെ കെ വേണുഗോപാലിനോട് ഇക്കാര്യം ചോദിച്ചത്.
എയര്‍സെല്ലില്‍ 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താന്‍ ഗ്ലോബല്‍ സര്‍വീസസ് ഹോള്‍ഡിങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനെതിരെ അന്വേഷണം നടത്തേണ്ടത്. 2006-ലാണ് വിദേശ നിക്ഷേപത്തിന് അനുമതി തേടി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിനെ സമീപിച്ചത്.
അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇവര്‍ക്ക് നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. ഇതിനെകുറിച്ചാണ് സൂക്ഷ്മ പരിശോധന നടത്തേണ്ടത്. അന്വേഷണ പുരോഗതി ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചിരുന്നു. സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.