സദാചാര ഗുണ്ടായിസത്തിന്റെ ആക്രമണങ്ങൾ നേരത്തേയും നിലനിന്നിരുന്നെങ്കിലും പ്രശ്നങ്ങൾ വഷളായത് ഈ അടുത്തിടെയാണ്. ഇത്തരം വാർത്തകൾ ചർച്ചയാകുന്നതിനിടെ പാർക്കിലേക്ക് വിദ്യാർത്ഥികൾക്കും കമിതാക്കൾക്കും പ്രവേശനമില്ലെന്ന് അറിയിച്ച് പാർക്കിനു മുന്നിൽ ബോർഡ് സ്ഥാപിച്ചു.
സംഭവം കേരളത്തിലല്ല, ചെന്നൈയിലാണ്. ചെന്നൈ എഗ്മോറിലെ മേയര്‍ സുന്ദര്‍ റാവു പാര്‍ക്കിലാണ് ഇത്തരമൊരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിറ്റി പോലീസിന്റെ പേരിലാണ് പാര്‍ക്കില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, ബോര്‍ഡില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മുദ്രയുമുണ്ട്.
അതേസമയം, പോലീസ് ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നാണ് ചെന്നൈ ഡിസിപി പറഞ്ഞത്. പോലീസിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കും കമിതാക്കള്‍ക്കും പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചതില്‍ പങ്കില്ലെന്നായിരുന്നു ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതരും പ്രതികരിച്ചത്. ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചിരുന്നു. എത്തിരാജ് വിമന്‍സ് കോളേജിന് സമീപത്തുള്ള പാര്‍ക്കില്‍ ദിവസവും നിരവധി പേരാണ് വിശ്രമിക്കാനെത്തിയിരുന്നത്.