തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും നിർണായക വഴിത്തിരിവ്; ശശികലയും ദിനകരനും പുറത്തേക്ക്; പാർട്ടിയിൽ പിടിമുറുക്കി പനീർസെൽവം

ബുധന്‍, 19 ഏപ്രില്‍ 2017 (07:36 IST)
തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവ്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം പക്ഷവും ഒന്നിക്കും. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന വി കെ ശശികലയെയും കുടുംബത്തിനെയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ പളനിസാമി പക്ഷം തിരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു ഇങ്ങനെ ഒരു തിരുമാനം. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അനന്തരവൻ ടി ടി വി ദിനകരനെയും പുറത്താക്കും. 
 
അതേസമയം പാർട്ടിയെ നയിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുംമെന്നും പാർട്ടിയെ ശശികല കുടുംബത്തിൽനിന്ന് മോചിപ്പിക്കുമെന്നും മന്ത്രി ജയകുമാർ അഭിപ്രായപ്പെട്ടു. എന്നാല്‍ ഒ പനീർസെൽവവുമായി ചർച്ചയ്ക്കു തയാറാണെന്നും. അദ്ദേഹത്തിന് പാർട്ടിയിൽ പ്രധാന പദവി തന്നെ നൽകുമെന്നും ജയകുമാർ പറഞ്ഞു. 
 
ശശികലയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി ഒ പനീര്‍സെല്‍വത്തെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള തീരുമാനങ്ങള്‍ നേരത്തെ നടന്നിട്ടുണ്ട്. എന്നാൽ ഇതിന് തയാറല്ലെന്ന് വ്യക്തമാക്കിയ ഒപിഎസ്, മന്നാര്‍ഗുഡി മാഫിയ ഇല്ലാത്ത പാര്‍ട്ടിയിലേക്ക് മാത്രമേ തിരിച്ചുവരവ് നടക്കൂവെന്ന് ആവര്‍ത്തിച്ചു. അതേസമയം  ശശികലയെയും കുടുംബത്തെയും പൂര്‍ണമായി ഒഴിവാക്കിയെങ്കില്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂവെന്ന് പനീര്‍സെല്‍വം വ്യക്തമാക്കിയിട്ടുണ്ട്.
 
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ധനമന്ത്രി ജയകുമാര്‍ ഈ നിർണായക ഐക്യതീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. 122 എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് എടപ്പാടി പക്ഷത്തിന്റെ അവകാശവാദം. എന്നാൽ 40 എംഎൽഎമാരുടെ പിന്തുണ ഇപ്പോഴും ശശികല ക്യാംപിനുണ്ടെന്ന് സൂചനകളുണ്ട്.

വെബ്ദുനിയ വായിക്കുക