ജിഎസ്‌ടി കുടിശ്ശിക ഇനത്തിൽ 75,000 കോടി വിതരണം ചെയ്‌ത് കേന്ദ്രം, കേരളത്തിന് 4122 കോടി
വ്യാഴം, 15 ജൂലൈ 2021 (20:04 IST)
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള ജിഎസ്‌ടി കുടിശ്ശിക വിതരണം ചെയ്‌ത് കേന്ദ്രസർക്കാർ. 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിന് 4122 കോടി രൂപയാണ് ലഭ്യമാവുക.
കൊവിഡ് രണ്ടാം തരംഗം സൃഷ്‌ടിച്ച സാമ്പത്തിക ആഘാതത്തിൽ നിന്നും സംസ്ഥാനങ്ങൾക്ക് ആശ്വാസമാകുന്ന നടപടിയാണിത്.നേരത്തെ ധനമന്ത്രി കെഎൻ ബാലഗോപാല്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിക്കുകയും ജിഎസ്‌ടി കുടിശ്ശിക ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
കേരളത്തിന് 4500 കോടിയോളം രൂപയാണ് കിട്ടാനുള്ളത്. കേന്ദ്രത്തിന്റെ നയം അനുസരിച്ച് അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 3765 കോടിയും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തിൽ 357 കോടി രൂപയുമാണ് കേരളത്തിന് ലഭിക്കുക.