ജഡ്ജിമാരുടെ നിയമനം: കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കുന്നു

Webdunia
ശനി, 17 ഒക്‌ടോബര്‍ 2015 (18:43 IST)
ജഡ്ജിമാരുടെ നിയമനത്തിനായി രൂപീകരിച്ച ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കും. അടുത്ത ആഴ്ച യോഗം ചേരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കൊളീജിയം സമ്പ്രദായം അവസാനിപ്പിച്ച് കൊണ്ടുള്ള ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ നിയമം ജുഡീഷ്യറിയുടെ പരമാധികാരത്തിന്‍മേലുളള കൈകടത്തലാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. നിയമ നിര്‍മ്മാണ സഭ പാസാക്കിയ നിയമം അസാധുവാക്കിയ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ലെജിസ്ലേറ്റീവും ജുഡീഷ്യറിയും തമ്മിലുളള ഏറ്റുമുട്ടലിന് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്യും. ജഡ്ജി നിയമനത്തില്‍ സുതാര്യത കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ കൊളീജിയം സമ്പ്രദായം അവസാനിപ്പിച്ചത്.