കാവേരിതര്‍ക്കം: അന്തിമതീരുമാനം വെള്ളിയാഴ്ച; അതുവരെ തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടുനല്കില്ലെന്ന് കര്‍ണാടക

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (08:02 IST)
കാവേരിതര്‍ക്കത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള വെള്ളം തമിഴ്നാടിന് തത്‌കാലം വിട്ടു കൊടുക്കേണ്ടതില്ലെന്ന് കര്‍ണാടക തീരുമാനിച്ചു. തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടു നല്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം വെള്ളിയാഴ്ച ചേരുന്ന നിയമസഭയുടെയും നിയമ നിര്‍മ്മാണ കൌണ്‍സിലിന്റെയും സംയുക്തസമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. അതിനുശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക. അതുവരെ വെള്ളം തമിഴ്നാടിന് വിട്ടു കൊടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
 
ഇരു സഭകളുടെയും സംയുക്തസമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണര്‍ വാജുഭായ് വാലയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
 
തമിഴ്നാടിന് കൂടുതല്‍ വെള്ളം വിട്ടുകൊടുക്കാന്‍ ചൊവ്വാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ബുധനാഴ്ച വൈകുന്നേരം ആറിന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും രണ്ടു തവണ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട എന്നായിരുന്നു പൊതു അഭിപ്രായം.
Next Article