‘നികുതി അടയ്ക്കാന്‍ ഉദ്ദേശമില്ല‘: തുറന്ന യുദ്ധത്തിനൊരുങ്ങി അമല പോള്‍

ശനി, 11 നവം‌ബര്‍ 2017 (10:27 IST)
വ്യാജരേഖകള്‍ ഉണ്ടാക്കി അമല പോള്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് അമല പോള്‍ മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കി.
 
അഭിനയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ കേരളത്തില്‍ നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല പറയുന്നു. അഭിഭാഷകന്‍ മുഖേനയാണ് അമല മറുപടി നല്‍കിയിരിക്കുന്നത്.
 
ഇത് രണ്ടാം തവണയാണ് അമല പോള്‍ മോട്ടോര്‍ വാഹന വകുപ്പിന് മറുപടി നല്‍കുന്നത്. കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസില്‍ അമല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം, അമലയുടെ മറുപടി തൃപ്ത‌കരമല്ലെന്നും നടിക്കെതിരായ നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
 
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അമലാപോള്‍ വ്യാജ രേഖ ചമച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകചീട്ട് വ്യാജമായി നിര്‍മ്മിച്ചതാണെന്നും വ്യക്തമായിരുന്നു. 
 
പോണ്ടിച്ചേരിയിലെ ആനുകൂല്യങ്ങള്‍ പറ്റിയാണ് ഒന്നര കോടി വില മതിക്കുന്ന എസ് ക്ലാസ് ബെന്‍സ് അമല രജിസ്റ്റര്‍ ചെയ്യത്. പോണ്ടിച്ചേരിയില്‍ ഒന്നേ കാല്‍ ലക്ഷം രൂപ അടച്ച സ്ഥാനത്ത് കേരളത്തിലായിരുന്നെങ്കില്‍ 20 ലക്ഷം രൂപ അമല നല്‍കേണ്ടി വരുമായിരുന്നു. നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ കാര്‍ നിലവില്‍ കൊച്ചിയിലാണ് ഓടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍