നയന്‍‌താര തന്നെ താരം, ‘അറം’ തകര്‍പ്പന്‍ സിനിമ; കാണാതെ പോകരുത് ത്രസിപ്പിക്കുന്ന ഈ ചലച്ചിത്രാനുഭവം

ശരണ്യ ജെ പ്ലാപ്പറമ്പന്‍

വെള്ളി, 10 നവം‌ബര്‍ 2017 (17:02 IST)
ഇന്ത്യന്‍ സിനിമയില്‍ ചില സൂപ്പര്‍ നായികമാരുണ്ട്. ഹിന്ദിയില്‍ കങ്കണയും വിദ്യാബാലനും. തെലുങ്കില്‍ അനുഷ്ക ഷെട്ടി. തമിഴകത്ത് നയന്‍‌താര. മലയാളത്തില്‍ മഞ്ജു വാര്യര്‍. ഇവരുടെ സിനിമകളില്‍ നമ്മള്‍ നായകന്‍‌മാരെ തിരയാറില്ല. ഇവര്‍ ആ സിനിമയിലുള്ള മറ്റ് താരങ്ങളെയെല്ലാം നിഷ്പ്രഭരാക്കും വിധമുള്ള പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പ്.
 
നയന്‍‌താരയുടെ പുതിയ തമിഴ് ചിത്രം ‘അറം’ റിലീസായിരിക്കുന്നു. ഗോപി നൈനാര്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ സമൂഹത്തിലെ അനീതിക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദിക്കുന്ന സോഷ്യല്‍ ത്രില്ലറാണ്. മതിവദനി ഐ‌എ‌എസ് എന്ന ജില്ലാ കലക്ടറായാണ് നയന്‍‌താര ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.
 
ജലദൌര്‍ലഭ്യമാണ് ഈ സിനിമ സംസാരിക്കുന്ന വിഷയം. അതേസമയം പടര്‍ന്നുപന്തലിക്കുന്ന കുടിവെള്ള മാഫിയയുടെ കൊള്ളരുതായ്മകളും തുറന്നുകാണിക്കുന്നു. കുടിവെള്ളമാഫിയക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സര്‍ക്കാരിന്‍റെയും രാഷ്ട്രീയക്കാരുടെയും മുഖം‌മൂടി പിച്ചിച്ചീന്തുകയാണ് ഈ സിനിമയിലൂടെ സംവിധായകന്‍.
 
സമീപകാലത്ത് തമിഴകത്തുണ്ടായ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്ന് മെര്‍സല്‍ എന്ന ചിത്രത്തില്‍ വിജയ് പറയുന്ന രണ്ട് ഡയലോഗുകളെ ചുറ്റിപ്പറ്റി ഉണ്ടായതാണ്. എന്നാല്‍ അറം എന്ന ചിത്രത്തിലെ ഓരോ ഡയലോഗും കുറിക്കുകൊള്ളുന്നതാണ്. പലമടങ്ങ് വ്യാപ്തിയുള്ള സംഭാഷണങ്ങള്‍ എഴുതിയതും സംവിധായകന്‍ ഗോപി തന്നെ.
 
ഒരു നാലുവയസുകാരി പെണ്‍കുട്ടി കുഴല്‍ക്കിണറിന്‍റെ മൂടിയില്ലാത്ത കുഴലില്‍ വീഴുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. കുട്ടിയെ രക്ഷപ്പെടുത്താന്‍ കലക്‍ടര്‍ മതിവദനി രംഗത്തെത്തുന്നതോടെ സര്‍ക്കാരിന്‍റെയും രാഷ്ട്രീയക്കാരുടെയും തനിനിറം പുറത്തുവരികയാണ്. ഭരതന്‍റെ ‘മാളൂട്ടി’ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്ക് ഈ സിനിമയിലെ രംഗങ്ങള്‍ കാണുമ്പോള്‍ അത് ഓര്‍മ്മവരും.
 
നമ്മുടെ ഭരണകൂടങ്ങള്‍ സ്പേസ് ടെക്നോളജി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുമ്പോള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ മറന്നുപോകുകയാണെന്ന് അറം ചൂണ്ടിക്കാട്ടുന്നു. നയന്‍‌താരയുടെ ഡീഗ്ലാമറസ് കഥാപാത്രമായ മതിവദനി അവരുടെ കരിയറിലെ തന്നെ മികച്ച വേഷമാണ്.
 
ഓം‌പ്രകാശിന്‍റെ ഛായാഗ്രഹണവും റൂബന്‍റെ എഡിറ്റിംഗും ജിബ്രാന്‍റെ പശ്ചാത്തല സംഗീതവും അറം ഒരു ക്ലാസിക് അനുഭവമാക്കി മാറ്റുന്നു. പീറ്റര്‍ ഹെയ്നിന്‍റെ ആക്ഷന്‍ കോറിയോഗ്രാഫിയും ഉജ്ജ്വലം. 
 
പലപ്പോഴും ഒരു ഡോക്യുമെന്‍ററി രീതിയിലേക്ക് ചിത്രം വഴുതിവീഴുന്നുവോ എന്ന സംശയമാണ് ഏക നെഗറ്റീവ് പോയിന്‍റ്. സമൂഹത്തെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പറയാനുള്ള ശ്രമത്തില്‍ കഥയുടെ ഒഴുക്ക് ഇടയ്ക്കിടെ ബ്രേക്ക് ആവുന്നതായി ഫീല്‍ ചെയ്യുന്നു.
 
ഗ്രാമീണജനതയ്ക്ക് മേല്‍ ഒരു ഭരണകൂടം നടത്തുന്ന തിന്‍‌മ നിറഞ്ഞ പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത് ഒരു ജില്ലാ കലക്ടര്‍ ഒറ്റയ്ക്ക് നടത്തുന്ന പോരാട്ടം കാണാന്‍ അറം കാണുക തന്നെ വേണം. അടുത്തിടെ തമിഴകത്തുനിന്നും ലഭിച്ച ഏറ്റവും മികച്ച ചലച്ചിത്രാനുഭവമാണ് ഈ സിനിമ.
 
റേറ്റിംഗ്: 4/5

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍