മാജിക്കോ തള്ളോ അല്ല, ഇതാണ് സമാനതകളില്ലാത്ത വിജയം! ദിലീപിനു നന്ദി പറഞ്ഞ് അരുൺ ഗോപി

വ്യാഴം, 9 നവം‌ബര്‍ 2017 (08:30 IST)
ദിലീപ് എന്ന താരത്തിന്റെ കരിയറിലെയും ജീവിതത്തിലേയും ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങൾ അദ്ദേഹം പോയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിതിന് പിന്നാലെ ദിലീപിനും റിലീസിനൊരുങ്ങിയ രാമലീലയ്ക്കും എതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. എന്നാൽ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തിരിക്കുകയാണ് ചിത്രം.
 
രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. ദിലീപിന്റെ രാമലീല കുതിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായൻ അരുൺ ഗോപി. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചിത്രം 55 കോടി ക്ലബിലെത്തിയെന്ന വിവരം സംവിധായകന്‍ പറഞ്ഞത്.
 
പ്രതിബന്ധങ്ങളെ മറികടന്ന് രമലീലയെ 55 കോടി ക്ലബില്‍ എത്താൻ സഹായിച്ച ദൈവത്തിന് നന്ദി. ഞങ്ങളുടെ വിജയത്തിനായി സംഭാവനകള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ടോമിച്ചായനും ദിലീപേട്ടനും, സച്ചിയേട്ടനും നോബിളിനും ഹൃദയംഗമായ നന്ദി. നിങ്ങളില്ലാതെ ഇത് സാധ്യമാകില്ലായിരുന്നു. ഈ വിജയത്തിന് ദിലീപേട്ടനോട് കടപ്പെട്ടിരിക്കുന്നു. - എന്ന് അരുൺ ഗോപി പറയുന്നു.
 
അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നത്. ദിലീപിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് സാധ്യമായ ചിത്രം മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. 
 
11 ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്നു മാത്രമായി 25 കോടി നേടിയെന്ന് ദിലീപ് ഓൺലൈൻ വ്യക്തമാക്കിയിരുന്നു. 55 ദിവസം കൊണ്ട് 55 കോടി ക്ലബിൽ എത്തുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണ് രാമലീല. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ത്രസിപ്പിക്കുന്ന വിജയമാണ് രാമലീല.
 
സച്ചിയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത രാമലീല പുറത്തിറങ്ങിയത് ദിലീപ് ജയിലില്‍നിന്ന് പുറത്തുവന്ന സമയത്തായിരുന്നു. ചിത്രത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും ദിലീപ് ഫാന്‍സും ദിലീപിനെ പിന്തുണയ്ക്കുന്നവരും തിയേറ്ററിലേക്ക് ഇരച്ചുകയറിയതാണ് ചിത്രത്തിന് സഹായകരമായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍