പൂക്കാത്തതും കായ്ക്കത്തതുമായ കഞ്ചാവ് ചെടി കഞ്ചാവല്ല, കോടതിയുടെ നിർണായക വിധി

ഞായര്‍, 4 സെപ്‌റ്റംബര്‍ 2022 (14:52 IST)
പിടികൂടിയ പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി ഗഞ്ചയുടെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിർണായകവിധി.
 
വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഓഗസ്റ്റ് 29ന് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിയുടെ വസതിയിൽ നിന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പിടിച്ചെടുത്ത വസ്തുക്കളിലും രാസപരിശോധനയ്ക്കായി എൻസിബി അയച്ച സാമ്പിളിലും പൊരുത്തക്കേടുകൾ ചൂണ്ടികാട്ടിയിരുന്നു.
 
2021ൽ ഏപ്രിലിൽ പ്രതി കുനാൽ കാഡുവിൻ്റെ വസതിയിൽ നടത്തിയ പരിശോധനയിൽ 48 കിലോഗ്രാം ഭാരമുള്ള മൂന്ന് പാക്കറ്റുകളിലായി പച്ച കഞ്ചാവ് ഇല കണ്ടെത്തിയിരുന്നു. പച്ച ഇലകളുള്ള പദാർഥം 48 കിലോ ഭാരമുണ്ടെന്നും ഇത് വാണിജ്യ ആവശ്യത്തിനുള്ള അളവിൻ്റെ നിർവചനത്തിന് കീഴിലാണെന്നും എൻസിബി അവകാശപ്പെട്ടു.
 
വിത്തുകളും ഇലകളും പൂക്കളോ കായ്ക്കുന്നതോ ആയ ശിഖരങ്ങളോടൊപ്പം ഉണ്ടെങ്കിൽ അത് കഞ്ചാവിന് തുല്യമാണെന്ന് എൻസിബി പറയുന്നു. എന്നാൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെങ്കിൽ അത് ഗഞ്ചയായി കണക്കാക്കില്ലെന്ന് കോടതി പറഞ്ഞു. നിലവിലെ കേസിൽ പിടിച്ചെടുത്ത കഞ്ചാവിൽ വിത്തുകളും ഇലകളും ശിഖരങ്ങൾക്കൊപ്പം ഇല്ലെന്നുള്ള സാഹചര്യത്തിലാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍