Drug Cases Kerala: എട്ടുമാസത്തിനിടെ 16,228 ലഹരിമരുന്ന് കേസുകൾ, കഴിഞ്ഞ വർഷത്തിൻ്റെ മുന്നിരട്ടി കേസുകൾ: സമൂഹത്തിന് ഭീഷണിയെന്ന് മുഖ്യമന്ത്രി

ബുധന്‍, 31 ഓഗസ്റ്റ് 2022 (12:57 IST)
തിരുവനന്തപുരം: സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വർഷം ഓഗസ്റ്റ് 29 വരെ സംസ്ഥാനത്ത് 16,228 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലഹരികേസുമായി ബന്ധപ്പെട്ട് ഇതൂവരെ 17,834 പേരാണ് പിടിയിലായത്. പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
 
കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം 5334 ലഹരിമരുന്ന് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 6704 പേരാണ് കഴിഞ്ഞ വർഷം പിടിയിലായത്. 2020ൽ 4650 കേസുകളും 5674 അറസ്റ്റുമാണ് ഉണ്ടായത്. ഈ വർഷം വ്യാപാരാവശ്യത്തിനായി എത്തിച്ച 1340 കിലോ കഞ്ചാവ്, 6.7 കിലോ എംഡിഎംഎ, 23.4 കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയതായി മുഖ്യമന്ത്രി പറഞ്ഞു.
 
ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തിന് ഭീഷണിയായി വളർന്നിട്ടുണ്ട്. ഇത് സർക്കാർ അതീവഗൗരവകരമായാണ് കാണുന്നത്. നേരത്തെ കഞ്ചാവ് പോലെയുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നത് സിന്തറ്റിക്‌രാസലഹരി വസ്തുക്കളായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പടെ ലഹരിമരുന്നുകൾ എത്തിചേരുന്നു. എൻഫോഴ്സ്മെൻ്റ് മാത്രമല്ല വിവിധ സർക്കാർ സംവിധാനങ്ങളുടെയും വിവിധ ജനവിഭാഗങ്ങളുടെയും ഏകോപന സമീപനമാണ് ഈ വിപത്ത് തടയാൻ ആവശ്യം.
 
സ്ഥിരം കുറ്റവാളികളെ 2 വർഷം തറവിൽ വെയ്ക്കാമെന്ന് നിയമത്തിൽ പറയുന്നുണ്ട്. ഇത് നടപ്പിലാക്കും. ഇതിന് പുറമെ ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ ഇനി ഇത്തരം കേസുകളിൽ ഇടപെടില്ലെന്ന് ഉറപ്പ് നൽകുന്ന ബോണ്ടും വാങ്ങും. ബോണ്ട് വാങ്ങാൻ പോലീസിനും എക്സൈസിനും നിർദേശം നൽകിയിട്ടൂണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡ്രഗ് കേസിൽ പെടുന്നവരുടെ ഡാറ്റ രജിസ്റ്റർ സൂക്ഷിക്കുമെന്നും ഇവരെ നിരീക്ഷിക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍