കൈക്കൂലിയായി 3 ലക്ഷത്തോളം രൂപ, മുഴുവൻ 2000ത്തിന്റെ പുതിയ നോട്ടുകൾ; ഒരാഴ്ച കൊണ്ട് പിൻവലിക്കാനാകുന്നത് 24,000 രൂപ, അന്തംവിട്ട് അധികൃതർ
നോട്ട് നിരോധനം ബാധിച്ചത് സാധാരണക്കാരായ ജനങ്ങളെ മാത്രമാണെന്നത് സത്യം. പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങൾ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടിരിക്കുമ്പോൾ രണ്ട് പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥർ കൈക്കൂലിയായി കൈപറ്റിയത് 2.9 ലക്ഷം രൂപ. അതും 2000 ത്തിന്റെ പുതിയ നോട്ടുകൾ. ഒരാഴ്ച കൊണ്ട് ഇത്രയും തുക എങ്ങനെ പിൻവലിച്ചുവെന്ന സംശയത്തിലാണ് അധികൃതർ.
ഗുജറാത്തിലെ കണ്ട്‌ലയിലാണ് സംഭവം. ഇവിടുത്തെ പോര്‍ട്ട് ട്രസ്റ്റ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. ശ്രീനിവാസു, സബ് ഡിവിഷണല്‍ ഓഫീസര്‍ കെ കോണ്ടേക്കർ എന്നിവർ ഒരു സ്വകാര്യ ഇലക്ട്രിക്കൽ കമ്പനിയിൽ നിന്നും 4.4 ലക്ഷം രൂപ കൈക്കൂലിയായി കൈപറ്റിയെന്ന് ഗുജറാത്ത് അഴിമതി വിരുദ്ധ വിഭാഗം പറയുന്നു. ഇലക്ട്രിക്കൽ കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
അധികൃതരുടെ കെണിയിൽ കുടുങ്ങിയ ഇടനിലക്കാരനിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്‍ജിനീയര്‍ പി ശ്രീനിവാസുവിന്റെ വീട്ടിൽ തിരച്ചിൽ നടത്തുകയും 40, 000 രൂപ കണ്ടെത്തുകയും ചെയ്തു. കൈക്കൂലിയായി വാങ്ങിയതാണെന്ന് ഇയാൾ സമ്മതിച്ചു. ഇതിൽ 2.9 ലക്ഷം രൂപ 2000ത്തിന്റെ നോട്ടുകൾ ആണെന്നതാണ് അധികൃതരെ ഞെട്ടിച്ച സംഭവം.
2,000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. നോട്ടുകള്‍ പിന്‍വലിയ്ക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. ഒരാള്‍ക്ക് ഒരു ആഴ്ച പരമാവധി പിന്‍വലിക്കാനാകുന്ന തുക 24,000 രൂപയാണ്. പിന്നെങ്ങനെ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും പുതിയ നോട്ടുകൾ ഒരുമിച്ച് ലഭിച്ചുവെന്നാണ് അധികൃതരുടെ ചോദ്യം. പുതിയ നോട്ടുകള്‍ എങ്ങനെ സമാഹരിച്ചു എന്ന അന്വേഷണത്തിലാണ് അധികൃതര്‍.