ചിഹ്നത്തിന് കോഴ: അണ്ണാഡിഎംകെ നേതാവ് ദിനകരന്‍ അറസ്റ്റിൽ, കുറ്റം സമ്മതിച്ചതായി സൂചന

ബുധന്‍, 26 ഏപ്രില്‍ 2017 (07:24 IST)
രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ എഐഡിഎംകെ(അമ്മ) നേതാവ് ടിടിവി ദിനകരൻ അറസ്റ്റിൽ. ഡല്‍ഹി പൊലീസാണ് ദിനകരനെ ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. വികെ ശശികലയുടെ മരുമകനാണ് ദിനകരൻ.
 
നാല് ദിവസമായി ദിനകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇയാളുടെ അ‌റസ്റ്റ് രേഖപ്പെടുത്തിയത്. ദിനകരന്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദിനരനോടൊപ്പം സുഹൃത്ത് മല്ലികാര്‍ജുനെയും പൊലീസ് അറസ്റ്റ് ചെയ്തു.
 
ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖറുമായി സംസാരിച്ചെന്ന് ദിനകരന്‍ സമ്മതിച്ചതായി ഡല്‍ഹി പൊലീസ് പറഞ്ഞു. ചന്ദ്രശേഖറിനെ പൊലീസ് ഏപ്രില്‍ 16ന് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടുമ്പോള്‍ ഇലക്ഷന്‍ കമ്മീഷനെ സ്വാധീനിക്കാനായുള്ള 1.3 കോടി രൂപ ചന്ദ്രശേഖറിന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. 
 
ഏപ്രില്‍ 17നാണ് ദിനകരന്‍ പോലീസ് പിടിയിലാകുന്നത്. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനിലക്കാരന്‍ വഴി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്തു എന്നതാണ് കേസ്. എഐഡി എംകെയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ശശികലയുടെ മരുമകനായ ദിനകരന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയനീക്കങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക