ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 ജൂണ്‍ 2025 (11:04 IST)
ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. അലിഗഡ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസാണ് പ്രതിയായ ദേവേന്ദ്രകുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. ട്രെയിനുകളില്‍ മുന്‍പ് കുപ്പി വെള്ളം വില്‍പന നടത്തിയിരുന്ന ആളാണ് ഇയാള്‍. 
 
ടിടിഇമാര്‍ ധരിക്കുന്ന കോട്ടും മറ്റും ധരിച്ചാണ് ഇയാള്‍ ടിക്കറ്റ് പരിശോധന നടത്തിയത്. ഗോമതി എക്‌സ്പ്രസ്സില്‍ ഇയാള്‍ വ്യാജ പരിശോധന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഇയാളില്‍ നിന്ന് നിരവധി ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു. വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശത്ത് നിന്നുള്ളവരെയുമാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടത്. കയ്യിലുള്ള ജനറല്‍ ടിക്കറ്റ് വലിയ തുകയ്ക്ക് വിറ്റാണ് ഇയാള്‍ ആളുകളെ പറ്റിച്ചത്.
 
പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് തട്ടിപ്പ് തിരഞ്ഞെടുത്തതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. ദിവസേന ഇയാള്‍ പതിനായിരത്തിലധികം രൂപ സമ്പാദിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍