രാജ്യത്തിനുള്ളില്‍ പ്രവഹിക്കുന്ന കണക്കില്‍ പെടത്ത ക്ല്ലപ്പണത്തിനു കടിഞ്ഞാണിടാനും കണ്ടുകെട്ടാനും കടുത്ത മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കള്ളപ്പണം തടയാന്‍ സുപ്രീംകോടതിയുടെതന്നെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. രാജ്യത്തെ കള്ളപ്പണത്തില്‍ വലിയൊരു പങ്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതസംഘടനകള്‍, ചാരിറ്റി ട്രസ്റ്റുകള്‍ തുടങ്ങിയവയ്ക്ക് ലഭിക്കുന്ന സംഭാവന വഴിയുള്ളതാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതിനാല്‍ ഇത്തരം സംഭാവനകള്‍ നികുതി ശൃംഖലയുടെ പരിധിയില്‍ കൊണ്ടുവരണമെന്നതാണ് എസ്ഐടി പറയുന്നത്.
മികച്ച വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള സംഭാവനകള്‍ പലതും കള്ളപ്പണമാണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള മാര്‍ഗമായി പലരും ഈ രീതി അവലംബിക്കാറുണ്ടെന്നും ഇത് തടയാന്‍ നിയമനിര്‍മാണം ആവശ്യമാണ് എന്നും എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമവിരുദ്ധമായി സംഭാവന നല്‍കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും എതിരെ അഴിമതിവിരുദ്ധ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
കൂടാതെ രാജ്യത്തെ ഓഹരി വിപണി, ഐപിഎല്ലിലെ വാത് വയ്പ്പുകള്‍ എന്നിവ വഴി കണക്കില്ലാത്ത പണം ഒഴുകുന്നതായും ഇതിനായും നിയന്ത്രണങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഐപിഎല്ലില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ ഉപയോഗിച്ചുള്ള വാതുവെപ്പ് വ്യാപകമാണ്. ഒത്തുകളിയും കളിക്കാര്‍ക്ക് കോഴയും ഉള്‍പ്പെടെയുള്ളവ ഇതിന്റെ തുടര്‍ച്ചയാണ്. ഇത് തടയുന്നതിന് കേന്ദ്രസര്‍ക്കാറാണ് നടപടി കര്‍ക്കശമാക്കേണ്ടത്. സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്താം.
ഓഹരിവിപണയില്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് നിക്ഷേപിക്കാന്‍ അവസരമൊരുക്കുന്ന പി-നോട്‌സ് സംവിധാനത്തിന് നിയന്ത്രണം വേണം. പി-നോട്‌സ് ഉടമകള്‍ ഓഹരി വിപണി നിയന്ത്രിക്കാനുള്ള അംഗീകൃതസംവിധാനമായ സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. മാത്രമല്ല, ഇവ അനായാസം കൈമാറുകയും ചെയ്യാം. വെറും 54,000 ജനസംഖ്യയുള്ള കരീബിയന്‍ കടലിലെ കായ്മാന്‍ ദ്വീപില്‍നിന്ന് 85,000 കോടി രൂപയോളം ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. പലതവണ കൈമാറ്റം നടക്കുന്നതിനാല്‍ ഇത്തരം നിക്ഷേപങ്ങളുടെ യഥാര്‍ഥ ഉടമയെ അറിയാന്‍ ബുദ്ധിമുട്ടാണ്.
പി-നോട്‌സ് ഉടമകളെക്കുറിച്ചും കമ്പനികളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ അറിയാന്‍ സെബി സംവിധാനമുണ്ടാക്കണം. ഓഹരിവിപണിയിലെ അസാധാരണമായ ഏറ്റക്കുറച്ചിലുകള്‍ ധനകാര്യ ഇന്റലിജന്റ്‌സ് യൂണിറ്റിനെയും പ്രത്യക്ഷ നികുതി വകുപ്പിനെയും സെബി അറിയിക്കണം.
നികുതി വെട്ടിക്കാന്‍വേണ്ടി മാത്രം രൂപവ്തകരിച്ച കമ്പനികളുണ്ട്. ഇത്തരം കമ്പനികള്‍ ഓഹരിവിപണിയില്‍ രജിസ്റ്റര്‍ ചെയ്ത് കള്ളപ്പണം വെളുപ്പിക്കുന്നത് വ്യാപകമാണ്. ഇത് തടയാന്‍ കര്‍ശന നടപടി വേണം. രഹസ്യാന്വേഷണ ഏജന്‍സികളെ ഉള്‍പ്പെടെ ഇതിനായി ഉപയോഗപ്പെടുത്താം. ഓഹരിവിപണിയില്‍ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിച്ചതും കണ്ടെത്തിയതിനെത്തുടര്‍ന്ന് 250 സ്ഥാപനങ്ങളെ ഈയടുത്ത് സെബി വിലക്കിയിരുന്നു.
കൈവശം വെക്കാവുന്ന പണത്തിന് പരിധി വെക്കണം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള കള്ളപ്പണത്തിന്റെ വ്യാപനം നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.