വ്യാപം കുംഭകോണം ചെറിയ സംഭവം മാത്രം: ബിജെപി നേതാവ്‌

Webdunia
ചൊവ്വ, 14 ജൂലൈ 2015 (11:11 IST)
രാജ്യം കണ്ട ഏറ്റവും വലിയ നിയമന കുംഭകോണമായ വ്യാപം ഇടപാട് ചെറിയ സംഭവമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ജിയ. നിങ്ങള്‍ക്ക് ഇത് വലിയ സംഭവമായിരിക്കും, പക്ഷേ ഞങ്ങള്‍ക്ക് ഇത് ചെറിയ കാര്യം മാത്രമാണ്. വിഷയത്തില്‍ ബിജെപി സര്‍ക്കാരിന് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കൈലാശ് വിജയവര്‍ജിയ.

വ്യാപം കുംഭകോണം ചെറിയ സംഭവമാണ്. ഈ വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ മനോവീര്യം നഷ്‌ടമായിട്ടില്ല. അതിനാല്‍ തങ്ങള്‍ക്ക് സംഭവത്തില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും കൈലാശ് വിജയവര്‍ജിയ പറഞ്ഞു. വ്യാപം അഴിമതിയിലാണ്ടതോടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്തുന്നതിനായി ബിജെപി യാത്ര നടത്താന്‍ ആലോചിക്കുന്നതായി വാര്‍ത്തയുണ്ടല്ലോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. മനോവീര്യം കുറവാണെങ്കിലല്ലേ വേവലാതിയുടെ ആവശ്യമുള്ളൂ, ബി.ജെ.പിക്ക് അങ്ങനെയൊരു പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാപം അഴിമതിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ എഴുതിയ ടിവി ജേര്‍ണലിസ്റ്റായ അക്ഷയ് സിംഗിന്റെ ദുരൂഹ മരണം വിവാദമായപ്പോള്‍ ഒരു ജേര്‍ണലിസ്റ്റ് തന്നെക്കാള്‍ വലിയവനാണോ എന്ന് കൈലാശ് വിജയവര്‍ജിയ പ്രതികരിച്ചത് വിവാദമായിരുന്നു. പിന്നീട് താന്‍ അങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല എന്ന് പറഞ്ഞ് അദ്ദേഹം തലയൂരുകയായിരുന്നു