ദളിത് യുവാവിനെ വിവാഹം ചെയ്‌തു; പിതാവ് അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി എംഎൽഎയുടെ മകൾ

Webdunia
വ്യാഴം, 11 ജൂലൈ 2019 (13:24 IST)
ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവും ഉത്തർപ്രദേശ് ബിജെപി എംഎൽഎയുമായ രാജേഷ് മിശ്ര തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നതായി മകള്‍ സാക്ഷി മിശ്ര . സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ ആണ് പിതാവില്‍ നിന്നും സഹോദരനില്‍ നിന്നും സുരക്ഷ വേണമെന്ന് സാക്ഷി വ്യക്തമാക്കുന്നത്.

ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാറിനെ കഴിഞ്ഞ വ്യാഴാഴ്‌ച സാക്ഷി വിവാഹം ചെയ്‌തു. ഇതിനു പിന്നാലെയാണ് ബറേലിയിലെ എംഎൽഎ കൂടിയായ രാജേഷ് മിശ്ര ഇവരെ അപായപ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്.
തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി വീഡിയോയിലൂടെ വ്യക്തമാക്കി.

വിഡിയോയിൽ പിതാവിനെ പാപ്പുവെന്നും സഹോദരനെ വിക്കിയെന്നുമാണ് സാക്ഷി വിശേഷിപ്പിക്കുന്നത്. തങ്ങളെ അപകടപ്പെടുത്താന്‍ രാജീവ് റാണ എന്ന ഗുണ്ടയെ ആണ് പിതാവ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷിതയും സന്തോഷവതിയും ആയിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒളിച്ചിരുന്നത് ഞാനും ഭർത്താവ് അജിതേഷ് കുമാറും മടുത്തു. അവനെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും വീഡിയോയിലൂടെ സാക്ഷി പറഞ്ഞു.

യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍കെ പാണ്ഡെ അറിയിച്ചു. എന്നാല്‍ മകളുടെ ആരോപണത്തെ കുറിച്ച് എംഎല്‍എ പ്രതികരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article