സ്കൂള്‍ പരീക്ഷയിലെ കൂട്ടക്കോപ്പിയടി വാര്‍ത്തയായതിനു പിന്നാലെ ബീഹാറില്‍ നിന്ന് വീണ്ടും പരീക്ഷാ തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നു. ഇത്തവണ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണ് പ്രശ്നം. കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ പങ്കെടുക്കാനെത്തിയവരില്‍ ആയിരത്തിലധികം ആളുകള്‍ ആള്‍മാറാട്ടം നടത്തിയതായാണ് വാര്‍ത്തകള്‍. ആള്‍മാറാട്ടം നടത്തിയതിന് 1,068 ഉദ്യോഗാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്.
പോലീസിലെ 11,783 ഒഴിവുകള്‍ നികത്തുന്നതിനുള്ള പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. ബീഹാര്‍ സെന്‍ട്രല്‍ സെലക്ഷന്‍ ബോര്‍ഡിനാണ് പരീക്ഷ നടത്തിപ്പ് ചുമതല. എഴുത്തു പരീക്ഷയ്‌ക്ക് ശേഷം ശാരീരികക്ഷമതാ പരീക്ഷയ്‌ക്കും സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനുമായി 52,000 പേര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് നിരവധി പേര്‍ ആള്‍മാറാട്ടം നടത്തിയതായി വ്യക്‌തമായത്.
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് ആള്‍മാറാട്ടം നടക്കുന്നത് ബീഹാറില്‍ പുത്തരിയല്ല. എന്നാല്‍ ഇതാദ്യമായാണ് ഇത്രയധികം ആളുകളെ പിടികൂടുന്നത്. കഴിഞ്ഞ വര്‍ഷം പോലീസ് കോണ്‍സ്‌റ്റബിള്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് 150 പേര്‍ അറസ്‌റ്റിലായിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് ബീഹാറിലെ സ്‌കൂളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബഹുനില മന്ദിരത്തിന് മുകളില്‍ കയറി പുസ്‌തങ്ങളും കോപ്പികളും നല്‍കുന്ന ബന്ധുക്കളുടെ ചിത്രം പുറത്ത് വന്നത്. അന്താരാഷ്‌ട്ര മാധ്യമങ്ങളിലടക്കം ഇത് വാര്‍ത്തയായിരുന്നു.