ബീഹാർ: അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Webdunia
വ്യാഴം, 5 നവം‌ബര്‍ 2015 (08:56 IST)
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മിഥിലാഞ്ചൽ, കോസി, ബംഗാളിനോടു ചേർന്നുകിടക്കുന്ന സീമാഞ്ചൽ പ്രദേശങ്ങളിലെ 57 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ജെഡി- യു-ആര്‍ജെഡി- കോണ്‍ഗ്രസ് മുന്നണികളുടെ വിശാലമതേതരസഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലാണു പ്രധാന മത്സരം. ഫലപ്രഖ്യാപനം ഞായറാഴ്‌ച നടക്കും.

57 സീറ്റുകളിലേക്ക് 827 സ്‌ഥാനാർഥികളാണ് ഇന്നു ജനവിധി തേടുന്നത്. ആർജെഡി പുറത്താക്കിയ മാധേപ്പുര എംപി പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി 40 സീറ്റിലും അസദുദ്ദിൻ ഉവൈസി എംപിയുടെ പാർട്ടിയായ എഐഎംഐഎം ആറു സീറ്റിലും മൽസരിക്കുന്നുണ്ട്.

ഒക്ടോബര്‍ 12, 16, 28, നവംബര്‍ 1 തീയതികളിലായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും ഘട്ട വോട്ടെടുപ്പ് നടന്നത്. 49 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തില്‍ 57 ശതമാനവും, 32 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന രണ്ടാം ഘട്ടത്തില്‍ 55 ശതമാനവും 50 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന മൂന്നാം ഘട്ടത്തില്‍ 53 ശതമാനമവും 55 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന നാലാം ഘട്ടത്തില്‍ 58 ശതമാനവുമായിരുന്നു പോളിംഗ്.