പ്രസവവേദനയെ തുടർന്ന് മകളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച പിതാവിനു മുന്നിൽ ആംബുലൻസ് സൗകര്യം നിഷേധിക്കപ്പെട്ടു. ഛട്ടാർപുർ ജില്ലയിലെ ബക്സ്‌വായിലെ ഷാപുര ഗ്രാമത്തിലായിരുന്നു സംഭവം. മകൾ പാർവ്വതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ച പിതാവ് നാനിഭായിക്കാണ് ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. ആംബുലൻസ് സൗകര്യം നിഷേധിച്ചെങ്കിലും വേദനകൊണ്ട് പുളയുന്ന മകളെ കണ്ടില്ലെൻ നടിക്കാൻ ആ പിതാവിനു കഴിയുമായിരുന്നില്ല. മകളെ സൈക്കിളിനു പിന്നിൽ ഇരുത്തി ആ പിതാവ് ചവുട്ടിയത് ആറു കിലോമീറ്ററാണ്.
ഉൾനാടൻ പ്രദേശത്തെ ജനങ്ങളുടെ സൗകര്യങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന പരാതി നിലനിൽക്കവെയാണ് ഈ സംഭവം. തക്കസമയത്ത് ആശുപത്രിയിൽ എത്തിയതിനാൽ പാർവ്വതി ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ ഒരു ആൺകുഞ്ഞിനു ജന്മം നൽകി. മകളെ ആശുപത്രിയിൽ എത്തിക്കാൻ ജനജി എക്സ്പ്രസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് ആരോപണം ഉണ്ട്. എന്നാൽ, അത്തരം ഒരു വിളി റെക്കോർഡ് ചെയ്തിട്ടില്ലെന്നും ആംബുലൻസ് സൗകര്യങ്ങൾ ഇവിടെ എപ്പോഴും ഉണ്ടെന്നും ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ പറയുന്നു.