ബംഗാളിൽ സൈനിക ഹെലികോപ്‌ടര്‍ തകര്‍ന്നു; മൂന്ന് സൈനികർ മരിച്ചു
പശ്ചിമ ബംഗാളിൽ സൈനിക ഹെലികോപ്ടർ തകർന്ന് മൂന്ന് സൈനികർ മരിച്ചു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബംഗാളിലെ സുഖ്നയിലാണ് സൈന്യത്തിന്റെ ചീറ്റ കോപ്ടർ തകർന്നു വീണത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സൈന്യത്തിന്റെ പതിവ് നിരീക്ഷണ പറക്കലിനിടെയാണ് സംഭവം. നിലത്തിറക്കുന്നതിനിടെയാണ് കോപ്റ്റർ തകർന്നതെന്ന് കരുതുന്നു. സുക്ന സൈനിക കേന്ദ്രത്തിലെ ഹെലിപ്പാഡിനു സമീപത്താണ് കോപ്റ്റർ തകർന്നു വീണതെന്ന് റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
അഞ്ചു സീറ്റുള്ള കോപ്ടർ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് നിർമിക്കുന്നത്. പ്രവർത്തന മികവ് കൂടിയ വിഭാഗത്തിൽ പെട്ടതാണ് തകർന്ന കോപ്ടർ. സംഭവസ്ഥലത്ത് അധികാരികള്‍ എത്തി പരിശോധന നടത്തി.