ലോധ കമ്മിറ്റി റിപ്പോര്‍ട്ട്: നിര്‍ണായക ബിസിസിഐ യോഗം ഇന്ന്

Webdunia
വെള്ളി, 19 ഫെബ്രുവരി 2016 (08:25 IST)
ജസ്‌റ്റീസ് ആര്‍എം ലോധ അധ്യക്ഷനായ സമിതിയുടെ നിര്‍ദേശങ്ങളില്‍ എന്ത് തീരുമാനമെടുത്തു എന്നു സുപ്രീംകോടതി നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐ ഇന്ന് പ്രത്യേക യോഗം ചേരും. മാര്‍ച്ച് മൂന്നിന് മുമ്പ് ബിസിസിഐ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ബിസിസിഐയുടെ ഘടനയിലും ഭരണഘടനയിലും ഗൌരവമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ലോധ കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു.

ബിസിസിഐയുടെ പ്രവര്‍ത്തന കാലാവധി ഒന്‍പതു വര്‍ഷമാക്കുക, 70 വയസു കഴിഞ്ഞവരെ പ്രസിഡന്റായി മത്സരിക്കാന്‍ അനുവദിക്കരുത്, ബിസിസിഐ ഭരണസമിതിയില്‍ നിന്നു കേന്ദ്രമന്ത്രിമാരെയും ഐഎഎസ്, ഐപിഎസ് അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഒഴിവാക്കുക, ഒരു സംസ്ഥാനത്തിന് ഒരു ക്രിക്കറ്റ് അസോസിയേഷന്‍ മാത്രം, വോട്ടവകാശം ഒരു കമ്മിറ്റിക്കു മാത്രമായി ചുരുക്കുക, പ്രോക്സി വോട്ടിംഗ് പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോധ കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്.