ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഭവന വായ്പകളുടെ കാര്യത്തിലാണെങ്കില്‍ തിരിച്ചടവ് ബാധ്യതകള്‍ നിറവേറ്റുന്നതിനായി കടം കൊടുക്കുന്നയാള്‍ സാധാരണയായി സഹ-വായ്പക്കാരനെ സമീപിക്കുന്നു. ഒരു സഹ-വായ്പക്കാരന്‍ നിലവിലില്ലെങ്കിലോ അവര്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കിലോ, ഉത്തരവാദിത്തം ജാമ്യക്കാരന്റെയോ നിയമപരമായ അവകാശിയുടെയോ മേല്‍ വന്നേക്കാം.
കടം വാങ്ങുന്നയാള്‍ക്ക് ഭവന വായ്പ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍, ഇന്‍ഷുറര്‍ ബാക്കിയുള്ള ലോണ്‍ തുക കടം കൊടുക്കുന്നയാളുമായി തീര്‍ക്കുന്നു. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍, കുടിശ്ശിക വീണ്ടെടുക്കാന്‍ കടം കൊടുക്കുന്നയാള്‍ കടം എടുത്തയാളുടെ സ്വത്ത് പിടിച്ചെടുക്കുകയും ലേലം ചെയ്യുകയും ചെയ്യും. ഇനി കാര്‍ ലോണുകളുടെ കാര്യത്തിലാണെങ്കില്‍ കുടിശ്ശികയുള്ള തുക വീണ്ടെടുക്കാന്‍ കടം കൊടുക്കുന്നയാള്‍ കടം വാങ്ങുന്നയാളുടെ കുടുംബത്തെ സമീപിക്കും. അതിന്റെ നിയമപരമായ അവകാശി വാഹനം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ലോണ്‍ ബാലന്‍സ് ക്ലിയര്‍ ചെയ്യണം. അല്ലാത്തപക്ഷം, നഷ്ടം നികത്താന്‍ കടം കൊടുക്കുന്നയാള്‍ക്ക് കാര്‍ തിരിച്ചെടുക്കാനും വില്‍ക്കാനും കഴിയും.