വിജയ് മല്യക്ക് വന്‍‌തോതില്‍ കള്ളപ്പണ നിക്ഷേപമുള്ളതായി സൂചന

Webdunia
വെള്ളി, 8 ഏപ്രില്‍ 2016 (12:47 IST)
വായ്പ തിരിച്ചടക്കാതെ രാജ്യംവിട്ട പ്രമുഖ മദ്യ വ്യവസായി വിജയ് മല്യക്ക് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുള്ളതായി സൂചന. പാനമ ബാങ്കില്‍ നിന്നും പുറത്തായ രേഖകളിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

വിജയ് മല്യയുടെ ബംഗലുരു വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് 2006ല്‍ പ്രവര്‍ത്തനമാരംഭിച്ച വെന്‍ച്വര്‍ ന്യൂ ഹോള്‍ഡിംഗ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റില്‍ കള്ളപ്പണ നിക്ഷേപമുള്ളതെന്നാണ് പുറത്തു വന്ന സൂചന. കള്ളപ്പണം വെളുപ്പിക്കുന്നതിനായി സഹായിക്കുന്ന കുക്ക് ഐസ് ലെന്റിലെ ഏജന്‍സിയായ പോര്‍ട്ടിക്കള്‍സ് ട്രസ്റ്റ് നെറ്റ് എന്ന സ്ഥാപനം വഴിയാണ് വെന്‍ച്വര്‍ ന്യൂ ഹോള്‍ഡിംഗ് ലിമിറ്റഡ് നിക്ഷേപം നടത്തിയിരിക്കുന്നത്.

പാനമ ബാങ്കിലെ വിവരങ്ങള്‍ ചോരുന്നത് വരെ ഈ നിക്ഷേപം ഷെയര്‍ കോര്‍പ്പ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മല്യയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കാന്‍ ബിനാമി വഴിയാണ് നിക്ഷേപം നടത്തിയതെന്ന് പാനമ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

റഷ്യയിലും വിയറ്റ്‌നാമിലും വ്യവസായ സഥാപനങ്ങളുടെ ഉപദേഷ്ടാവായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി ഭാസ്‌കരന്‍ രവീന്ദ്രനും പാനമ ബാങ്കില്‍ നിക്ഷേപമുള്ളതായിട്ടുള്ള രേഖകള്‍ പുറത്തുവന്നു. എസ് വി എസ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് രവീന്ദ്രനു നിക്ഷേപമുള്ളത്.