തന്റെ അനുവാദമില്ലാതെ മൊബൈല്‍ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന്റെ വിരല്‍ ഭാര്യ മുറിച്ചുമാറ്റിയതായി പരാതി. ഐ ടി പ്രൊഫഷണലായ സുനിത സിങാണ് ഭര്‍ത്താവ് ചന്ദ്രപ്രകാശ് സിങിന്റെ വിരല്‍ മുറിച്ചത്. ബംഗളൂരുവില്‍ ഈ മാസം ആദ്യമാണ് സംഭവം നടന്നത്.
മെയ് നാലിന് രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ചന്ദ്രപ്രകാശ് ഭക്ഷണം പോലും ഉണ്ടാക്കാതെ മൊബൈലില്‍ ചാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഭാര്യയെയാണ് കണ്ടത്. ഭക്ഷണമുണ്ടാക്കാത്തെതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു സുനിത മറുപടി നല്‍കിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും സുനിതയുടെ ഫോണ്‍ ഭര്‍ത്താവ് പരിശോധിക്കുകയും ചെയ്തു.
സുനിത ഫോണ്‍ തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ ചന്ദ്രപ്രകാശ് തയ്യാറായില്ല. ഇതില്‍ പ്രകോപിതയായ സുനിത അടുക്കളയില്‍ പോയി കത്തിയുമായി തിരിച്ചെത്തി വീണ്ടും ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചന്ദ്രപ്രകാശ് തന്റെ നിലപാടില്‍ ഉറച്ച് നിന്നു. ഫോണ്‍ തട്ടിവാങ്ങിയ ശേഷം സുനിത ചന്ദ്രശേഖറിന്റെ കൈയ്ക്ക് വെട്ടുകയായിരുന്നു. വിരല്‍ സാരമായി പരിക്കേറ്റ ചന്ദ്രപ്രകാശ് ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തി ചികിത്സതേടി. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്. കുറച്ചു കാലമായി സുനിത മൊബൈല്‍ഫോണിന് അടിമപ്പെട്ടിരിക്കുകയാണെന്ന് ചന്ദ്രപ്രകാശ് പരാതിയില്‍ വ്യക്തമാക്കി.