എന്‍ഡോസള്‍ഫാന്‍ നിരോധിക്കും

ശനി, 9 ഓഗസ്റ്റ് 2014 (10:31 IST)
എന്‍ഡോസള്‍ഫാന്‍ നിയമംമൂലം നിരോധിക്കാനും 2010ല്‍ മനുഷ്യാവകാശകമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനും അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. 
 
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി രാജീവ് അവതരിപ്പിച്ച സ്വകാര്യബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമെന്യേ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 17 എംപിമാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 
 
എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയായ കാസര്‍കോട് പുനരധിവാസപാലിയേറ്റീവ് ആസ്പത്രി സ്ഥാപിക്കണമെന്നും നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അതനുസരിച്ച് 450 കോടിരൂപയുടെ പാക്കേജ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിഷയം ആരോഗ്യമന്ത്രാലയവുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
 
സുപ്രീംകോടതി താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പല പേരുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലുണ്ടെന്ന് രാജീവ് ചൂണ്ടിക്കാട്ടി. 1968ലെ കീടനാശിനി നിയന്ത്രണനിയമത്തിലെ 27(1) പ്രകാരം സംസ്ഥാനസര്‍ക്കാറിന് 60 ദിവസമേ നിരോധനം ഏര്‍പ്പെടുത്താന്‍ പറ്റൂ. എന്നാല്‍ 27(2) വകുപ്പനുസരിച്ച് കേന്ദ്രത്തിന് സ്ഥിരമായ നിരോധനം നടപ്പാക്കാം. അതുപ്രകാരം നിരോധനം കൊണ്ടുവരണമെന്നും രാജീവ് ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക