തമിഴ്നാട്ടിലെ അവിനാശിയിൽ 19 പേരുടെ മരണകാരണമായ അപകടത്തെക്കുറിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. അപകടം നടന്നത് ലോറിയുടെ തകരാർ മൂലമല്ലെന്നാണ് കണ്ടെത്തൽ. ഡ്രൈവിങ്ങിനിടെ ശ്രദ്ധ മാറിയെന്നായിരുന്നു ലോറി ഡ്രൈവർ ഹേമരാജ് ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയത്.
എന്നാൽ, അശ്രദ്ധയായോ ടയർ പൊട്ടിയതോ അല്ലെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റോഡിന്റെ സൈഡിലെ ഡിവൈഡർ ഉരഞ്ഞ് 60 മീറ്ററോളം ദൂരം ലോറി സഞ്ചരിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാവാം ഇതിന്റെ കാരണമെന്നാണ് ഇപ്പോൾ കരുതുന്നത്.
വളവിനടുത്ത് വെച്ചാണ് അപകടം നടന്നിരിക്കുന്നത്. ഒരുപക്ഷേ വളവെത്തിയപ്പോൾ അശ്രദ്ധമായി ഡ്രൈവർ വണ്ടി തിരിച്ചതാകാനും സാധ്യതയുണ്ട്. എന്നാൽ, 60 മീറ്റർ മുന്നേ എന്തായാലും ലോറി തിരിക്കാൻ ഡ്രൈവർ ശ്രമിക്കില്ല.
മറ്റൊരു സാധ്യത എന്തെന്നാൽ, വേഗത്തിൽ സഞ്ചരിക്കുന്ന ഭാരംകയറ്റിയ ലോറിയുടെ ടയർ ഡിവൈഡറിൽ ഉരഞ്ഞത് ഡ്രൈവർ അറിഞ്ഞില്ലെന്ന് ഉണ്ടെങ്കിൽ അയാൾ ഉറങ്ങുകയായിരുന്നിരിക്കാമെന്ന് പൊലീസ് കരുതുന്നു. ഡ്രം നിലത്ത് ഉരഞ്ഞ് ഡിവൈഡറിലൂടെ സഞ്ചരിച്ചപ്പോൾ മറ്റ് ടയറുകൾ പൊട്ടി ലോറി ചെരിയുകയും ആ ആഘാതത്തിൽ പ്ലാറ്റ്ഫോമിലേക്ക് ലോക്ക് പൊട്ടി ഭാരമേറിയ കണ്ടെയ്നർ ബോക്സ് എതിർ വശത്ത് നിന്നും വന്ന ബസിലേക്ക് ഇടിച്ച് കയറുകയുമായിരുന്നിരിക്കാം.