ഇന്ത്യയുടെ നേര്‍ക്കുണ്ടാകുന്ന കടന്നാക്രമങ്ങള്‍ക്കെതിരേ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടു. ശിവസേനാ മുഖപത്രമായ 'സാമ്ന'യിലെ മുഖപ്രസംഗത്തിലൂടെയാണ് താക്കറെ ആവശ്യം ഉന്നയിച്ചത്.
'പാകിസ്ഥാന്റെ വാലിന് തീകൊളുത്തി ആ രാജ്യത്തെ ചാരമാക്കണമെന്നാണ് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത്. അതിന് കാലതാമസമുണ്ടാകരുത്. ഇത് കരുത്തുള്ള രാഷ്ട്രമാണെന്ന് പ്രതികരിച്ചു കാണിക്കണം. പൗരുഷമുള്ള സര്‍ക്കാരാണ് ഡല്‍ഹിയില്‍ അധികാരത്തിലേറിയിരിക്കുന്നതെന്ന് ജനങ്ങളോട് തെളിയിക്കൂ. ഇതാണ് ഞങ്ങളുടെ അപേക്ഷ'- മുഖപ്രസംഗത്തില്‍ പറയുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ 25ഓളം ആക്രമണങ്ങളാണ് നടത്തിയത്. 13 അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് നേരെ പാക് ആക്രമണം ഉണ്ടായി. ഗ്രാമീണര്‍ ഒഴിഞ്ഞു പോകാന്‍ നിര്‍ബന്ധിതരായി. ജമ്മുവില്‍ 22 സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പ്പ് നടന്നു. രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
പാക് ഹൈക്കമീഷണര്‍ കാശ്മീര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയതിനെയും താക്കറെ അപലപിച്ചു.