പെഴ്‌സില്‍ പണമില്ലെങ്കില്‍ വെട്ടിലാകും; രാത്രി എട്ടിന് ശേഷം എടിഎമ്മുകളില്‍ നിന്നും പണം ലഭിക്കില്ല!
ശനി, 2 ഏപ്രില്‍ 2016 (17:53 IST)
സുരക്ഷയുടെ ഭാഗമായി ഇനിമുതല്‍ രാത്രി എട്ട് മണിക്ക് ശേഷം എടിഎമ്മുകളില്‍ നിന്നും പണം ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. നക്‌സല്‍ ആക്രമണ ഭീഷണിയും കൊള്ള സംഘങ്ങളുടെ ഇടപെടലുകളും നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവമായതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
എടിഎമ്മുകളില്‍ പണം നിറയ്‌ക്കാന്‍ എത്തുന്നവരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്നതും പണത്തിനായി ബാങ്ക് ജീവനക്കാരെ തട്ടിക്കൊണ്ടു പോകുന്നതും പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. നഗരങ്ങളിലെ എടിഎമ്മുകളില്‍ രാത്രി എട്ടിനുശേഷവും ഗ്രാമങ്ങളില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷവും നക്‌സല്‍ ആക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷവും പണം നിറക്കേണ്ടന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതുകൂടാതെ എടിഎം കൌണ്ടറുകളില്‍ പണം നിറയ്‌ക്കേണ്ട സ്വകാര്യ ഏജന്‍സികള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അഞ്ചു കോടിയിലധികം രൂപ കൊണ്ടു പോകരുതെന്നും, പണം കൊണ്ടു പോകുന്ന വാഹനത്തില്‍ ആധൂനിക സംവിധാനങ്ങളായ സിസി ടിവി ക്യാമറയും ജിപിഎസ് സംവിധാനവും ഉള്‍പ്പെടുത്തുകയും പരിശീലനം നേടിയ ആയുധധാരികളായ രണ്ട് ഗാര്‍ഡ്മാരും ഡ്രൈവറും ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട്. വാഹനം മികച്ചതായിരിക്കണമെന്നും പ്രത്യേകം രൂപകല്‍പ്പന ചെയ്‌തും ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഉതകുന്നതുമായിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.