തെരഞ്ഞെടുപ്പ് ഫലം ലൈവ്: മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം

Webdunia
ശനി, 11 മാര്‍ച്ച് 2017 (12:56 IST)
കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ. ഗോവയില്‍ 28 സീറ്റുകളുടെ ഫലസൂചനകള്‍ കിട്ടിയപ്പോള്‍ 13 ഇടങ്ങളില്‍ കോണ്‍ഗ്രസും ഒന്‍പത് സീറ്റുകളില്‍ ബി ജെ.പിയുമാണ് ലീഡ് ചെയ്യുന്നത്. മണിപ്പൂരില്‍ ഇതുവരെ വിവരങ്ങള്‍ ലഭ്യമായ 52 മണ്ഡലങ്ങളില്‍ 20 എണ്ണത്തില്‍ കോണ്‍ഗ്രസും 22ല്‍ ബി.ജെ.പിയു ലീഡ് ചെയ്യുന്നുണ്ട്.
 
ഉത്തര്‍പ്രദേശിലുണ്ടായ ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസ് എസ്പി സഖ്യം തകര്‍ന്നു തരിപ്പണമായി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കത്തില്‍ കണ്ടതെങ്കിലും പിന്നീടങ്ങോട്ട് ബിജെപിയുടെ മുന്നേറ്റമാണ് ഉത്തര്‍പ്രദേശില്‍ കാണാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ഉത്തര്‍പ്രദേശില്‍ മോദിപ്രഭയില്‍ വോട്ട് പിടിക്കാനിറങ്ങിയ ബിജെപി അഖിലേഷ് യാദവ്- രാഹുല്‍ ഗാന്ധി സഖ്യത്തെ തൂത്തെറിഞ്ഞു. ഒപ്പം മായാവതിയുടെ ബിഎസ്പിയും ബിജെപി തേരോട്ടത്തില്‍ അപ്രസക്തമായി.   
 
ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഏറെകുറെ ഉറപ്പായി.  ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി.ജെ.പി 313 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഉത്തരാഖണ്ഡിലും തനിച്ച് അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഹരീഷ് റാവത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായതോടെയാണ് കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ ബഹുദൂരം പിന്നിലായത്.
Next Article