വരുന്നത് 'അസാനി' ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കനക്കും, ജാഗ്രത

Webdunia
ശനി, 7 മെയ് 2022 (13:32 IST)
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പാണ് ഇത്. 'അസാനി' എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് പേരിട്ടത്. 
 
ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ മഴ കനക്കും. സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മലയോര ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 
 
തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കും. വീണ്ടും ശക്തി പ്രാപിച്ച് ഞായറാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് പത്തോടെ ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തെത്തുമെന്നും മുന്നറിയിപ്പുണ്ട്. 
 
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക. എന്നാല്‍, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുളളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
 
ചുഴലിക്കാറ്റ് ചൊവ്വാഴ്ച ആന്ധ്ര, ഒഡിഷ തീരത്ത് എത്തുമെന്നാണ് പ്രവചനം. നിലവില്‍ കേരളത്തിനു ഭീക്ഷണിയില്ല. ആന്‍ഡമാന്‍ കടലിലും ചേര്‍ന്നുള്ള ബംഗാള്‍ ഉള്‍ക്കടലിലും 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തത്തിനു പോകരുത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article