കോണ്‍ഗ്രസ് ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനം കൂടി ബിജെപി പിടിച്ചെടുക്കാന്‍ പോവുന്നു. അസം സംസ്ഥാനത്തു നിന്നാണ് കോണ്‍ഗ്രസ് ഭരണനഷ്ട ഭീഷണി നേരിടുന്നത്. സംസ്ഥാനത്തുനിന്നുള്ള വിമത കൊണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കൂടിയായ ഹിമാന്ത ബിശ്വ ശർമ ബിജെപിയിൽ ചേരാനൊരുങ്ങുന്നു. ഇദ്ദേഹത്തിനൊപ്പം കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരുമെന്നാണ് വിവരം.
അസമിലെ കോൺഗ്രസിന്റെ തുടർച്ചയായ വിജയത്തിന്റെ പ്രധാന നിർമാതാവായ ശർമ്മയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള പിന്തുണ ലഭിച്ചിരുന്നെങ്കിലും കോൺഗ്രസ് ഹൈക്കമാന്റിൽ നിന്നും അതിന് അനുകൂലമായ തീരുമാനമുണ്ടായില്ല. അന്നുമുതല്‍ നേതൃത്വവുമായി ഇടഞ്ഞു നിന്ന ശര്‍മ്മ ഇപ്പോള്‍ ബിജെപി ക്യാമ്പില്‍ ചേരുന്നത് കൊണ്‍ഗ്രസിന് കടുത്ത ക്ഷീണമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഇതിനായി ശർമ ന്യൂഡൽഹിയിലെത്തി ബിജെപി തലവൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വൈകാതെ താൻ പാർട്ടിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം സംസ്ഥാനത്തെ 14 ലോക്‌സഭാ സീറ്റുകളിൽ മൂന്നെണ്ണം മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. പകുതിയിലേറെ സീറ്റുകൾ പിടിച്ചെടുത്ത ബി.ജെ.പി അടുത്ത വർഷത്തെ അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ വെല്ലുവിളി ഉയർത്തുന്നുമുണ്ട്. പാർട്ടി സംഘടന ശക്തമാക്കുന്നതിനൊപ്പം കോൺഗ്രസിനോട് മത്സരിച്ച് ജയിക്കാനാകുന്ന കൂടുതൽ സ്ഥാനാർത്ഥികളേയും ബിജെപിക്ക് ആവശ്യമുണ്ട്. അപ്പോഴാണ് അപ്രതീക്ഷിതമായി ശര്‍മ്മയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
കോൺഗ്രസ് ഉൾപ്പാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാഹുൽ ഗാന്ധി ഉൾപ്പാർട്ടി ജനാധിപത്യത്തെപ്പറ്റി സംസാരിക്കുന്നു. സോണിയ ഗാന്ധി മാഡം ഒരു നിരീക്ഷകനെ അയച്ചു. 52 എംഎൽഎമാർ തന്നെ പിന്തുണയ്ക്കുകയും ചെയ്തു. തരുൺ ഗെഗോയ്ക്ക് പതിനൊന്നോ പന്ത്രണ്ടോ എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തന്റെ വിശേഷാധികാരമാണെന്നാണ് രാഹുൽ ഗാന്ധി തന്നോട് പറഞ്ഞത് എന്ന് ശർമ പറഞ്ഞു.
ഇനിയും കൂടുതൽ പേർ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ചേർന്നേക്കും എന്നും ശർമ സൂചന നൽകി. 52 എംഎൽഎമാരെ വേണോ അതോ ഒരാളെ മതിയോ എന്ന് ബിജെപിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.