യാദവിന്റെ വധശിക്ഷ നടപ്പാക്കിയെന്ന് ആശങ്കയുണ്ട്; പാക് നടപടി വിയന്ന കണ്‍വെന്‍ഷന്റെ ലംഘനം - യുഎൻ കോടതിയിൽ ഇന്ത്യ

തിങ്കള്‍, 15 മെയ് 2017 (16:22 IST)
മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുൽഭൂഷൻ യാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന കേസ് രാജ്യാന്തര കോടതി പരിഗണിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തെ പാകിസ്ഥാൻ തൂക്കിലേറ്റിയിരിക്കാമെന്ന സംശയം ഉന്നയിച്ച് ഇന്ത്യ. ഇന്ത്യയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

യാദവിനെ വധശിക്ഷയ്‌ക്ക് വിധിച്ച പാക് നടപടി നിയമ വിരുദ്ധമാണ്. വിയന്ന കരാറിലെ 36-മത് ചട്ടത്തിന്‍റെ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌ത കാര്യം പോലും ഇന്ത്യ അറിഞ്ഞിട്ടില്ല. കൂടാതെ പാകിസ്ഥാന്‍ നിരത്തുന്ന തെളിവുകള്‍ക്ക് വിശ്വാസ്യതയില്ല. ഇതിനാല്‍ നിലവിലെ സ്ഥിതി വളരെ പ്രധാനപ്പെട്ടതും ഗുരുതരവുമാണെന്നും സാൽവെ ചൂണ്ടിക്കാട്ടി.

യാദവിന് നിയമസഹായം നല്‍കണമെന്നും കാണാന്‍ അനുമതിക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാക് ഭരണകൂടം ചെവിക്കൊണ്ടില്ല. വധശിക്ഷ വിധിച്ച നടപടി കീഴ് വഴക്കങ്ങളുടെ ലംഘനമാണ്. പാക് പട്ടാള കോടതിയുടെ ഉത്തരവടക്കമുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഹോഗിലെ കോടതിയില്‍ ഇന്ത്യ വ്യക്തമാക്കി.  

പതിനൊന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇരു രാജ്യങ്ങൾക്കും 90 മിനിറ്റു വീതമാണ് വാദങ്ങൾ ഉന്നയിക്കാൻ സമയം നൽകിയിരിക്കുന്നത്. ഇന്ത്യയുടെ വാദമായിരുന്നു ആദ്യത്തേത്. വൈകിട്ടുതന്നെ ഇതുസംബന്ധിച്ച് അന്തിമ ഉത്തരവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണിന് പാക് സൈനിക കോടതിയാണ് വധശിക്ഷ വിധിച്ചത്. അദ്ദേഹത്തെ കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയെന്നായിരുന്നു പാക് അവകാശവാദം. ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു യാദവെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.

യാദവിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുല്‍ഭൂഷണിന് നീതി കിട്ടും വരെ പാകിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പാക് തടവറയിലുള്ള യാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തുടര്‍ച്ചയായി തള്ളിയതും ഇന്ത്യ ശക്തമായി പ്രതിഷേധിക്കാന്‍ കാരണമായി.

വെബ്ദുനിയ വായിക്കുക