ബെന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; അമിതാബ് ബച്ചന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - അന്വേഷണം ശക്തമാക്കി
വ്യാഴം, 16 നവംബര്‍ 2017 (15:50 IST)
ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന് വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം. കൊല്‍ക്കത്തയിലെ ഡഫറിന്‍ റോഡില്‍ വെച്ചുണ്ടായ അപകടത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരാണ് നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.
കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം മുംബൈയിലേക്ക് മടങ്ങുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴാണ് ബച്ചന് സഞ്ചരിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് കാറിന്റെ പിന്‍ഭാഗത്ത് വീല്‍ ഊരിത്തെറിച്ചത്.
കാറിന്റെ വീല്‍ ഊരിത്തെറിച്ചതോടെ കാര്‍ നിയന്ത്രണം വിട്ട് പോയി. പിന്നാലെ വന്ന ഒരു സംസ്ഥാന മന്ത്രിയുടെ കാറിലാണ് ബച്ചന് എയര്‍പോര്‍ട്ടിലേക്ക് പോയത്. വിഷയത്തില്‍ പൊലീസ് അന്വേഴണം ശക്തമാക്കിയതോടെയാണ് വിവരം മാധ്യമങ്ങള്‍ ശ്രദ്ധിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തിയ ബച്ചന് സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും എടുത്ത കാറാണ് യാത്രയ്ക്കായി നാല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. കൂടുതല്‍ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.