കണ്ണും കാതും തുറന്ന് ദോവലുണ്ട്, നമ്മള്‍ എന്തിനു പേടിക്കണം?

ശനി, 21 ഫെബ്രുവരി 2015 (20:46 IST)
ഐസിസ് തടവില്‍ നിന്നും 40 മലയാളി നേഴ്‌സുമാരെ രക്ഷിച്ചതിനു ശേഷമാണ് അജിത് ദോവല്‍ എന്ന ഉദ്യോഗസ്ഥനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ഇതാ വീണ്ടും അജിത് ദോവലിനേക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്.  ബജറ്റ് രേഖകള്‍ ചോര്‍ത്തിയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഫീലുള്ള ചാരന്മാരെ കൈയ്യൊടെ പിടികൂടിയത് ദോവലിന്റെ നീക്കങ്ങളേതുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  മോഡി അധികാരത്തില്‍ എത്തിയതിനു പിന്നാലെ നടത്തിയ നീക്കങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം അജിത് ദോവലിന് നല്‍കിയത്. ഈ നടപടി വളരെ ശരിയാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇദ്ദേഹം.
 
അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ മാദ്ധ്യമങ്ങളിലെത്തുന്നതിനെപ്പറ്റി നേരത്തെ തന്നെ മനസ്സിലാക്കിയ ഡോവല്‍ രേഖകള്‍ ചോര്‍ത്തുന്ന ചാരസംഘത്തിനെതിരെ രഹസ്യാന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിയോടാവശ്യപ്പെടുകയായിരുന്നു. ഇക്കാര്യമുന്നയിച്ച കാബിനറ്റ് സെക്രട്ടറി അജിത് സേത്തിന് അദ്ദേഹം കത്തയയ്ക്കുകയും ചെയ്തു.  മിക്ക രഹസ്യവിവരങ്ങളും ചോരുന്നത് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നാണെന്നാണ് അദ്ദേഹം അജിത് സേത്തിനെ അറിയിച്ചത്. ദോവലിന്റെ നിര്‍ദ്ദേശത്തിന്റെ ഗൌരവം മനസിലാക്കിയ അജിത് സേത്ത് വിവരം മന്ത്രിമാരെ അറിയിക്കുകയായിരുന്നു.
 
ഇതോടെ സര്‍ക്കാരിന്റെ രഹസ്യ അനുമതിയോടെ രഹസ്യാന്വേഷണം തുടങ്ങി. പുറമെ ഒന്നും സംഭവിക്കാതെ സാധാരണപോലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ സംശയമുള്ളവരുടെ ഫോണുകള്‍ സര്‍ക്കാര്‍ അനുമതിയോടെ ടാപ്പ് ചെയ്യപ്പെടുകയും റിക്കോര്‍ഡ് ചെയ്യപ്പെടുകയുമുണ്ടായി . പെട്രോളിയം മന്ത്രാലയത്തിലും കല്‍ക്കരി /ഖനന മന്ത്രാലയത്തിലുമാണ് കൂടുതല്‍ ചാരപ്രവര്‍ത്തനം നടന്നതെന്ന് കരുതപ്പെടുന്നു. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം ചാരപ്രവര്‍ത്തനം അത് നടത്താന്‍ ഉദ്ദേശിച്ചവര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നത് ആശ്വാസം നല്‍കുന്നു.
 
ദോവലിന്റെ കണക്കുകൂട്ടല്‍ ക്രിത്യമായിരുന്നു. ചാരന്മാര്‍ ആരൊക്കെയാണെന്നും ആര്‍ക്കൊക്കെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്നും തെളിവുകള്‍ സഹിതം ദോവലിന്റെ കൈയ്യിലെത്തി. പിന്നെ ഒന്നും താമസിച്ചില്ല. കൃത്യമായ തെളിവുകള്‍ ലഭിച്ചതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിഷയം ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബാസി അന്വേഷണം ഏറ്റെടുക്കുകയും റിലയന്‍സിന് വേണ്ടിയും മറ്റും പ്രവര്‍ത്തിച്ച ചാരസംഘത്തെ പിടിക്കുകയുമായിരുന്നു. ആരും തൊടാന്‍ മടിക്കുന്ന റിലയന്‍സ് ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റ് സാമ്രാജ്യങ്ങള്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ അടിയായിരുന്നു ഡോവലിന്റെ ഭാഗത്തുനിന്നുണ്ടായത്.
 
1968 ബാച്ച് കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ഡോവല്‍ 2005ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചതാണ്. സര്‍വ്വീസിലെ 37 വര്‍ഷങ്ങളില്‍ 33 വര്‍ഷവും രഹസ്യാന്വേഷണ വിഭാഗത്തിലാണ് ഡോവല്‍ പ്രവര്‍ത്തിച്ചത്. 1999ലെ ഖാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട പരിശ്രമങ്ങള്‍ നടത്തിയത് ഇദ്ദേഹമായിരുന്നു. സൈന്യത്തിന്റെ സമാധാന കാലത്തെ ബഹുമതിയായ കീര്‍ത്തി ചക്ര ലഭിച്ച ആദ്യ പൊലീസുകാരനാണ് ദോവല്‍. ജമ്മുകാശ്മീര്‍,പഞ്ചാബ്, വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം നിര്‍ണ്ണായക സാഹചര്യങ്ങളുണ്ടായപ്പോള്‍ നിയോഗിക്കപ്പെട്ടത് അജിത് ദോവലാണ്. ആറു വര്‍ഷം ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പാക്കിസ്ഥാനിലും ദോവല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക