എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

ശനി, 23 ഏപ്രില്‍ 2016 (11:56 IST)
എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ പൈലറ്റിനെ സ്പൈസ്ജെറ്റ് പിരിച്ച് വിട്ടു. കൊൽക്കത്തയിൽ നിന്നും ബാങ്കോക്കിലേക്ക് ഫെബ്രുവരി 25ന് പറന്ന ബോയിങ് 737 വിമാനത്തിനുള്ളിൽ വെച്ചായിരുന്നു സംഭവം. പറന്നുകൊണ്ടിരുന്ന വിമാനത്തിനുള്ളിൽ വെച്ച് പൈലറ്റ് അപമര്യാദയായി പെരുമാറിയെന്ന ജീവനക്കാരിയുടെ പരാതിയെത്തുടർന്നാണ് നടപടി.
 
വിമാനം പറന്ന് കൊണ്ടിരിക്കുമ്പോൾ കോപ്റ്റിലേക്ക് പൈലറ്റ് തന്നെ വിളിച്ചു വരുത്തുകയും സഹപൈലറ്റിനെ പുറത്താക്കി ആ സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മടക്കയാത്രയിലും ഇത് ആവർത്തിച്ചുവെന്ന് ജീവനക്കാരി പരാതിയിൽ പറയുന്നു. എയർഹോസ്റ്റസിനെ കോപ്റ്റിനുള്ളിലേക്ക് ക്ഷണിച്ചതിലൂടെ നിയമവീഴ്ചയാണ് പൈലറ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
 
പൈലറ്റ് നടത്തിയ നിയമലംഘനത്തിനുമേലും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലും സ്‌പൈസ്‌ജെറ്റ് വിമാനകമ്പനിക്ക് പുറമേ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി ജി സി എ) അന്വഷണം നടത്തും. വിമാനത്തിലെ മുഖ്യ എയർഹോസ്റ്റസിനോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാണ് അന്വേഷണം നടപ്പിലാക്കുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക