'കേരളത്തില്‍ എയിംസ് വരും, അഞ്ചു വര്‍ഷത്തിനുള്ളില്‍’

Webdunia
വെള്ളി, 11 ജൂലൈ 2014 (12:42 IST)
അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ എവിടെ എയിംസ് അനുവദിക്കണമെന്ന അഭിപ്രായം തേടി കത്തെഴുതിയതായും അദ്ദേഹം വ്യക്തമാക്കി
 
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റില്‍ എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചിരുന്നില്ല. പകരം ഐഐടിയാണ് കേരളത്തിന് ലഭിച്ചത്. എന്നാല്‍ ബജറ്റിന് മുന്‍പേ കേരളത്തിന് എയിംസ് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് അഞ്ചുവര്‍ഷത്തിനുള്ളില്‍ സാധ്യമാക്കുമെന്നാണ് ഇപ്പോള്‍ ഹര്‍ഷവര്‍ധന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
 
ബംഗാള്‍, ആന്ധ്ര, വിധര്‍ഭ, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളിലാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ആദ്യ ബജറ്റില്‍ എയിംസ് ആശുപത്രി പ്രഖ്യാപിച്ചത്. ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യം പരിഗണിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്തുനിന്നുള്ള എംപിംമാര്‍ പ്രതിഷേധിച്ചിരുന്നു. ഘട്ടം ഘട്ടമായി മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് കൊണ്ടുവരുമെന്നായിരുന്ന ജെയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയത്.