അഗസ്റ്റ വെസ്റ്റ്‌ ലന്‍ഡ് കോപ്‌റ്റര്‍ ഇടപാട് കേസ്; പുനര്‍വിചാരണയ്ക്ക് ഇറ്റാലിയന്‍ കോടതിയുടെ ഉത്തരവ്

ശനി, 17 ഡിസം‌ബര്‍ 2016 (12:40 IST)
വിവാദമായ അഗസ്റ്റ വെസ്റ്റ്‌ ലന്‍ഡ് കോപ്‌റ്റര്‍ ഇടപാട് കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവ്. ഇറ്റാലിയന്‍ പരമോന്നത കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഗസ്റ്റ വെസ്റ്റ് ലന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ മുന്‍ സി ഇ ഒ ഗൈസപ് ഓര്‍സി, അഗസ്റ്റ് വെസ്റ്റ്‌ ലന്‍ഡ് മുന്‍ സി ഇ ഒ ബ്രൂണോ സ്പെക്‌നോലി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് മിലാന്‍ കോടതി ഉത്തരവിട്ടത്.
 
വി വി ഐ പികള്‍ക്കായി 2010ല്‍ 12 ഹെലികോപ്‌റ്ററുകള്‍ നല്കാനുള്ള ഇടപാട് ലഭിക്കുന്നതിന് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും  കോഴ നല്കിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കോഴ ആരോപണം പുറത്തുവന്നതിനെ തുടര്‍ന്ന് ഇടപാട് 2014ല്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.
 
കോപ്റ്റര്‍ ഇടപാട് കേസില്‍ കഴിഞ്ഞ ഏപ്രിലില്‍  ഗൈസപ് ഓര്‍സിക്ക് നാലരവർഷവും ബ്രൂണോ സ്പെക്നോലിനിക്ക് നാല് വര്ഷവും തടവുശിക്ഷ കീഴ്‌ക്കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ ശിക്ഷ പരമോന്നത കോടതി റദ്ദാക്കി.
 
കോപ്റ്റര്‍ ഇടപാട് കേസില്‍ ഇന്ത്യയില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ് പി  ത്യാഗി, സഹോദരന്‍ സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം മേത്ത എന്നിവരെ സി ബി ഐ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

വെബ്ദുനിയ വായിക്കുക