അതിവേഗ ട്രെയിനായ ഗ്വാട്ടിമാന്‍ എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിനിടയില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ഗ്വാട്ടിമാന്‍ എക്‌സ്പ്രസിന്റെ അവസാനഘട്ട പരീക്ഷണ ഓട്ടം നടക്കുന്നതിനിടയിലാണ് കുട്ടികള്‍ക്ക് ജീവന്‍ നഷ്‌ടമായത്. ഇന്നലെയായിരുന്നു അവസാന പരീക്ഷണ ഓട്ടം.
ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരുമണിക്കൂര്‍ വൈകിയായിരുന്നു ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കുള്ള 195 കിലോമീറ്റര്‍ ദൂരം 110 മിനിറ്റുകൊണ്ട് ഓടി എത്തിയ ഗ്വാട്ടിമാന്‍ എക്‌സപ്രസ് തിരികെ വരുന്നതിനിടെയാണ് അപകടം നടന്നത്. റണ്‍കുറ്റാ സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കുട്ടികളുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറി ഇറങ്ങിയത്.
സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഗ്വാട്ടിമാന്‍ എക്‌സ്പ്രസിന്റെ വരവ് കാണുന്നതിനായാണ് കുട്ടികള്‍ പോയത്. അപകടം നടന്ന ഉടന്‍തന്നെ ഗ്രാമവാസികള്‍ കുട്ടികളെ ട്രാക്കില്‍ നിന്ന് എടുത്ത് വീട്ടിലെത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി റെയില്‍വേ ഉദ്യോഗസ്‌ഥര്‍ വ്യക്തമാക്കി.