രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയേക്കാള്‍ കൂടുതല്‍ നല്ല ബ്രാന്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് പറഞ്ഞ ഹരിയാന മന്ത്രി അഭിപ്രായം മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഹരിയാന മന്ത്രി അനില്‍ വിജ് തന്റെ പരാമര്‍ശം പിന്‍വലിച്ചത്.
“മഹാത്മാഗാന്ധിയെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. നിരവധിയാളുകളെ ഈ പരാമര്‍ശം വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ പരാമര്‍ശം പിന്‍വലിക്കുകയാണ്’ - അനില്‍ വിജ് ട്വിറ്ററില്‍ വ്യക്തമാക്കി.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറില്‍ നിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ ആയിരുന്നു ഹരിയാന മന്ത്രിയുടെ വിവാദ പരാമര്‍ശം.
മഹാത്മാഗാന്ധിയുടെ ചിത്രമുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഗാന്ധിയുടേതിന് പകരം മോദിയുടെ ചിത്രമുള്ള നോട്ടുകൾ ഇറക്കുന്നതാണ് നല്ലതെന്ന് ആയിരുന്നു മന്ത്രി പറഞ്ഞത്. ഖാദിയുടെ വിൽപ്പന കുറയാൻ കാരണം ഗാന്ധിയുടെ ചിത്രമാണെന്ന് പറഞ്ഞ് വിജ് മഹാത്മാ ഗാന്ധിയുടെ പേരിൽ പേറ്റന്റ് ഉള്ള ഉൽപ്പന്നമല്ല ഖാദിയെന്നും പറഞ്ഞു.