12ാം വയസില്‍ തട്ടിക്കൊണ്ടു പോയി; നീണ്ട പത്ത് വര്‍ഷം നിരന്തര പീഡനം, 12 തവണ വില്‍പ്പന ചരക്കായി, രണ്ട് വിവാഹം...ഒടുവില്‍
2006 ജുലൈ 2നാണ് 12 വയസകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നീണ്ട പത്ത് വര്‍ഷം നിരന്തര പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ മോചനം. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നാണ് 10 വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനും മകളും ഉള്‍പ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരുടെ കസ്റ്റഡിയില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നു.
പഞ്ചാപ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് 10 വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ കൈമാറ്റം ചെയ്തത്. ഗുജറാത്തിലെത്തിച്ച പെണ്‍കുട്ടിയെ ഒരാള്‍ വിവാഹം ചെയ്തു. തുടര്‍ന്ന് പലര്‍ക്കായി വില്‍ക്കുകയും പഞ്ചാബിലെ മന്‍സാ ജില്ലയിലുള്ള ട്രക്ക് ഡ്രൈവര്‍ക്ക് വിവാഹം കഴിച്ചു നല്‍കുകയും ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ടായി.
2011 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇയാള്‍ മരിച്ചപ്പോള്‍ അയാളുടെ ബന്ധു പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. 2015ല്‍ ട്രക്ക് ട്രൈവറുടെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട അവര്‍ ബാര്‍ ഡാന്‍സറായി. ജോലിക്കിടെ പരിചയപ്പെട്ട സ്ത്രീയാണ് ഡല്‍ഹിയിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചത്. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം പൊലീസിലെത്തി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.