രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായതിനു ശേഷം തന്നെ പട്യാല ഹൌസ് കോടതിയിലേക്ക് കൊണ്ടു പോകുമ്പോള്‍ അഭിഭാഷകര്‍ മര്‍ദ്ദിച്ചെന്നും പൊലീസ് അത് നോക്കി നിന്നെന്നും ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍.
സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് മുമ്പാകെയാണ് കനയ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കനയ്യ കുമാര്‍ മൊഴി നല്കി. കനയ്യ മൊഴി നല്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ ഇന്ന് പുറത്തുവിട്ടിരുന്നു.
കോടതിയുടെ മുന്നില്‍ എത്തിയപ്പോൾ മാധ്യമപ്രവർത്തകർ തൻറെ ചുറ്റും കൂടി. തന്നെ കോടതിക്ക് അകത്തേക്ക് പ്രവേശിപ്പിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ അഭിഭാഷക വേഷത്തിൽ എത്തിയ ആൾ ആക്രമിച്ചു. അതിന് ശേഷം മറ്റുള്ളവരെയും വിളിച്ചു കൂട്ടി. അവർ വസ്ത്രം വലിച്ചുകീറാൻ ശ്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു.
മർദ്ദിച്ച ഒരാളെ കാട്ടിക്കൊടുത്തെങ്കിലും പൊലീസ് ഒന്നും ചെയ്തില്ലെന്നും പൊലീസിനു മര്‍ദ്ദനമേറ്റിരുന്നെന്നും കനയ്യ അഭിഭാഷക സമിതിക്ക് മുമ്പാകെ പറഞ്ഞു. കനയ്യകുമാറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയപ്പോള്‍ ആയിരുന്നു അഭിഭാഷകര്‍ കനയ്യയെ അക്രമിച്ചത്.